ചെറിയ നോട്ടുകളില്ല: യാത്രക്കാര്‍ ദുരിതത്തിലാകുമെന്ന് റെയില്‍വെ
15 ലക്ഷത്തിന്റെ 500, 1000 നോട്ടുകള്‍ കെട്ടിക്കിടക്കുന്നതായി റെയില്‍വെ
500, 1000 നോട്ടുകള്‍ അസാധുവായതോടെ ഏറെ ദുരിതത്തിലായത് ട്രെയിന്‍ യാത്രക്കാരും റെയില്‍വെയുമാണ്. ഇളവ് അനുവദിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം റെയില്‍വെയുടെ പക്കലുണ്ടായിരുന്ന നാല് ലക്ഷം രൂപയുടെ ചെറിയ നോട്ടുകള്‍ കൈമാറി തീര്‍ന്നു. കറന്‍സി കൈമാറാന്‍ പോസ്റ്റ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം നിലച്ചതോടെ ദുരിതം പതിന്മടങ്ങായി.
നോട്ടുകൾ കൈമാറാന്‍ ആകെയുണ്ടായിരുന്ന പോസ്റ്റ് ഓഫീസുകളിലുള്ള സംവിധാനം നിലച്ചതും പ്രതിസന്ധി ഇരട്ടിയാക്കി. ചില്ലറ ക്ഷാമം അവശ്യ മേഖലയുൾപ്പെടെ എല്ലായിടത്തും ജനങ്ങളെ വലച്ചു. ഇന്നലെ വൈകീട്ട് യാത്ര തുടങ്ങിയ പലരും രാവിലെ ലക്ഷ്യസ്ഥാനത്തെത്തിയതോടെയാണ് നോട്ടുകള്‍ അസാധുവായ വിവരമറിഞ്ഞത്. ചില്ലറക്ഷാമം രൂക്ഷമായതോടെ ടിക്കറ്റെടുക്കാനാകാതെ റെയില്‍വെ യാത്രക്കാര്‍ വലഞ്ഞു.
റെയില്‍വെയുടെ പക്കലുണ്ടായിരുന്ന 4 ലക്ഷം രൂപയുടെ ചെറിയ നോട്ടുകള്‍ കൈമാറി തീര്‍ന്നത് മണിക്കൂറുകള്‍ക്കകമായിരുന്നുവെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ തന്നെ വ്യക്തമാക്കി. പണം ആവശ്യപ്പെട്ടപ്പോള്‍ ആര്‍ബിഐ കനിഞ്ഞാലേ പണമെത്തിക്കാനാകൂവെന്നാണ് എസ്ബിഐ അറിയിച്ചത്.