ശബരിമലയിൽ ക്രമവിരുദ്ധമായി പൂജ നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ നടപടി വേണമെന്നും സംഭവത്തിൽ ഉൾപ്പെട്ട വ്യവസായിക്ക് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ശബരിമലയിൽ ഈ മാസം 9ന് നടതുറന്ന് പ്രത്യേക പൂജ നടന്നത് ക്രമവിരുദ്ധമെന്ന് ഇത് സംബന്ധിച്ച് നടത്തിയ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ നടപടി വേണമെന്നും സംഭവത്തിൽ ഉൾപ്പെട്ട വ്യവസായിക്ക് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
പൈങ്കുനി ഉത്ര പൂജയോട് അനുബന്ധിച്ച് 9ന് നടതുറന്ന് പ്രത്യേക പൂജ നടന്നത് ബുക്കിംഗ് ഇല്ലാതെയാണന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ആചാര ലംഘനം നടന്നെന്നും സുനിൽ സ്വാമി എന്നറിയപ്പെടുന്ന കൊല്ലം സ്വദേശിയായ വ്യവസായിയുടെ സ്വാധീനം മൂലമാണ് ഇത്തരത്തിൽ പൂജ നടന്നതെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതിന് ദേവസ്വം മന്ത്രി ഉത്തരവിട്ടത്.
ക്രമ വിരുദ്ധമായ നടപടി നടന്നെന്നും ഉത്തരവാദിയായ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാദ വ്യവസായിക്ക് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ദേവസ്വം മന്ത്രിക്കും ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമീഷണർക്കും ഇന്ന് കൈമാറും. ദർശനത്തിനെത്തിയ ചലച്ചിത്ര നടൻ സന്നിധാനത്തെ ഇടക്ക വായിച്ചതിൽ ചട്ട ലംഘനം ഉണ്ടായെന്നും ദേവസ്വം വിജിലൻസ് എസ്ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.