മോദി വിരുദ്ധ മുദ്രാവാക്യത്തിന്‍റെ പേരില്‍ സമസ്ത നേതാക്കള്‍ക്കെതിരെ പൊലീസ് കേസ്
റാലിയുടെ പിറകുവശത്തുള്ളവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നും പിരിഞ്ഞുപോകാനുള്ള തങ്ങളുടെ നിര്‍ദേശം അവഗണിച്ചെന്നുമാണ് പൊലീസ് ഭാഷ്യം. പ്രധാനമന്ത്രിക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ഗതാഗതം ....
പ്രധാനമന്ത്രിക്കെതിരെ മുദ്രാവക്യം വിളിച്ചതിന് സമസ്ത നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ സമസ്ത കോഒാര്‍ഡിനേഷന്‍ കമ്മറ്റി കാഞ്ഞങ്ങാട് നടത്തിയ റാലിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനല്ല പ്രകോപനപരമായ മുദ്രാവക്യ വിളിച്ചതിനാണ് കേസെടുത്തതെന്ന പൊലീസ് വിശദീകരണം.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് കാഞ്ഞങ്ങാട് നഗരത്തില്‍ സമസ്ത കോഒാര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലി നടത്തിയത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 100 പേര്‍ക്കെതിരെയാണ് പൊലീസ് കേസ്. കുറ്റം ചെയ്യണമെന്നും സ്ഥലത്ത് സംഘർഷവും ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കൂടി ന്യായ വിരോധമായി സംഘം ചേർന്നു പ്രധാനമന്ത്രിക്കെതിരെയും മറ്റും പ്രകോപനപരമായ മുദ്രാ വാക്യങ്ങൾ വിളിച്ച് റാലി നടത്തിയെന്നാണ് പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 145 , 283, 153, 149 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
കേസെടുത്തത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനല്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. റാലിയുടെ പിന്‍നിരയിലുള്ള സംഘം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന പ്രകോപനപരമായ മുദ്രാവാക്യ വിളിച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.