ആഗോള ഡിജിറ്റല്‍ സമ്മിറ്റ്: ഐടി വിദഗ്ധരുടെ യോഗം ചേര്‍ന്നു
മാര്‍ച്ച് 22 , 23 തീയതികളില്‍ കൊച്ചിയിലാണ് ഫ്യൂച്ചര്‍ എന്ന പേരില്‍ കേരള ഐടി ഇന്‍ഡസ്ട്രി ആഗോള ഡിജിറ്റല്‍ സമ്മിറ്റ്
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ആഗോള ഡിജിറ്റല്‍ സമ്മിറ്റിന്റെ ഭാഗമായി കോഴിക്കോട് ഐടി വിദഗ്ധരുടെ യോഗം സംഘടിപ്പിച്ചു. സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. സമ്മിറ്റിന്റെ ഭാഗമായി കൊച്ചിയിലും ബംഗളൂരുവിലും ഐടി വിദഗ്ധരുടെയും സംരംഭകരുടെയും യോഗം ചേരാന്‍ തീരുമാനമായി.
മാര്‍ച്ച് 22 , 23 തീയതികളില്‍ കൊച്ചിയിലാണ് ഫ്യൂച്ചര്‍ എന്ന പേരില്‍ കേരള ഐടി ഇന്‍ഡസ്ട്രി ആഗോള ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കൂടുതല്‍ ഐടി സംരംഭങ്ങളെ കൊണ്ടുവരുന്നതും, നിലവില്‍ കേരളത്തിലുള്ള സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ സാധ്യത ഒരുക്കുന്നതുമാണ് സമ്മിറ്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഐടി വിദഗ്ധരുടെയും സംരംഭകരുടെയും യോഗം വിളിച്ചത്.
ഡിജിറ്റല്‍ മാറ്റത്തിന്റെ നല്ല വശങ്ങള്‍ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ ഐടി മേഖലക്ക് കഴിയണമെന്ന് യോഗത്തില്‍ സംസാരിച്ച സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎ എസ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, കേരള ഐടി പാര്‍ക്ക് സിഇഒ റിഷികേശ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.