അനന്തപുരിയില്‍ കൌമാരോത്സവത്തിന് തിരി തെളിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അനന്തപുരിയില്‍ തിരി തെളിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അനന്തപുരിയില്‍ തിരി തെളിഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ അബ്ദു റബ്ബാണ് കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാര്‍,എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍,സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ജയരാജാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
19 വേദികളിലായി 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ ദിനം 13 വേദികളില്‍ മത്സരം നടക്കും. പ്രധാന വേദിയില്‍ ഇന്ന് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമാണ് നടക്കുക.
വൈകുന്നേരം മൂന്ന് മണിക്കാണ് സാംസ്‌ക്കാരിക ഘോഷയാത്ര തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ മൂന്ന് മണിക്ക് ശേഷമെ പാടുള്ളുവെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവുള്ളതിനാലാണ് 2.30 ന് തുടങ്ങേണ്ടിയിരുന്ന ഘോഷയാത്ര മൂന്നു മണിക്ക് ശേഷമാക്കിയത്.