കാര്‍ ഓവര്‍ടേക്ക് ചെയ്തതിന് മര്‍ദ്ദനം; പൊലീസുദ്യോഗസ്ഥനെതിരെ അദ്ധ്യാപകന്റെ പരാതി
കായംകുളത്ത് കാറിനെ ഓവര്‍ ടേക്ക് ചെയ്തതിനെത്തുടര്‍ന്ന് പൊലീസുദ്യോഗസ്ഥന്‍ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി അദ്ധ്യാപകന്‌റെ പരാതി. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ധ്യാപകനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്..
കായംകുളത്ത് കാറിനെ ഓവര്‍ ടേക്ക് ചെയ്തതിനെത്തുടര്‍ന്ന് പൊലീസുദ്യോഗസ്ഥന്‍ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി അദ്ധ്യാപകന്‌റെ പരാതി. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ധ്യാപകനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അടൂര്‍ കെ എ പി ക്യാംപിലെ പൊലീസുദ്യോഗസ്ഥനായ ഹരീഷ് ചന്ദ്രനും വള്ളികുന്നം പൊലീസിനുമെതിരെ അദ്ധ്യാപകനും സ്‌കൂളധികൃതരും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇലിപ്പക്കുളം കെ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ സതീഷ് നാലര വയസ്സുകാരനായ മകനെയും കൂട്ടി സ്‌കൂളിലേക്ക് വരുമ്പോഴാണ് സംഭവമുണ്ടായത്. ചാരുമ്മൂട് കായംകുളം റോഡില്‍ വെട്ടിക്കോട്ട് ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ മുന്‍പിലുണ്ടായിരുന്ന കാര്‍ നിര്‍ത്തിയതു കണ്ട് സതീഷും കാര്‍ നിര്‍ത്തി. തടസ്സം മാറിയിട്ടും മുന്‍പിലുള്ള കാര്‍ എടുക്കാത്തതു കൊണ്ട് സതീഷ് അതിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടെടുത്തു. ഈ സമയം മുന്‍പിലത്തെ കാറിലുണ്ടായിരുന്ന ഹരീഷ് ചന്ദ്രന്‍ ബഹളമുണ്ടാക്കി കാര്‍ നിര്‍ത്തിക്കുകയും ഇറങ്ങി വന്ന് സതീഷിനെ കുട്ടിയുടെ മുന്‍പിലിട്ട് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയതുവെന്നാണ് പരാതി.
സ്ഥലത്തുണ്ടായിരുന്നവരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം ആ സമയത്ത് അവിടെ എത്തിയവരും എല്ലാം പ്രശ്ത്തില്‍ ഇടപെടുകയും വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പരിക്കേറ്റ് ആശുപത്രിയിലായ സതീഷില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കാറിലുണ്ടായിരുന്ന തന്‌റെ ഭാര്യയെയും അമ്മയെയും സതീഷ് ഉപദ്രവിച്ചെന്നു കാണിച്ച് ഹരീഷ് ചന്ദ്രന്‍ പിന്നീട് നല്‍കിയ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.