വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്‍ര്‍. മുപ്പതു നോമ്പുകളുടെ പുണ്യം നേടിയാണ് പെരുന്നാളാഘോഷം.
വ്രതത്തിലൂടെ നേടിയ ജീവിത വിശുദ്ധിയുമായി വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്‍ര്‍. മുപ്പതു നോമ്പുകളുടെ പുണ്യം നേടിയാണ് പെരുന്നാളാഘോഷം.
മണ്ണില്‍ മനുഷ്യരും വിണ്ണില്‍ മാലാഖമാരും തക്ബീര്‍ ധ്യനികള്‍ ചൊല്ലി ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാനിരിക്കുകയാണ്. ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദാഘോഷം. പുതുവസ്ത്രങ്ങളും അത്തറിന്റെ സുഗന്ധവും മൈലാഞ്ചിയും നിറം പകരുന്ന ആഘോഷം. പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍പോലും പട്ടിണി കിടക്കരുതെന്നാണ് സ്രഷ്ടാവിന്റെ നിശ്ചയം. അതുകൊണ്ടു തന്നെ ഈദ് നമസ്കാരത്തിന് മുമ്പായി കഴിവുള്ള ഓരോ വിശ്വാസിയും ഫിത്റ് സകാത് നല്‍കുന്നു. മസ്ജിദുകളിലും ഈദ് ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുന്നത്.
കുടുംബ ബന്ധം സുദൃഢമാക്കുന്ന ദിനം കൂടിയാണ് പെരുന്നാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈദ് മുബാറക്ക് ആശംസിച്ച് സ്നേഹം കൈമാറുന്നു. അങ്ങനെ സമത്വത്തിന്റെയും സൌഹൃദത്തിന്റെയും ആത്മീയാനുഭൂതിയാണ് വിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്ര്‍ സമ്മാനിക്കുന്നത്.