മാവൂരില്‍ കോളറയെന്ന് സംശയം; മൂന്ന് പേര്‍ ചികിത്സ തേടി
കടുത്ത ഛര്‍ദ്ദിയുമായി ഒരു ഇതര സംസ്ഥാന തൊഴിലാളി ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയിരുന്നു.
കോഴിക്കോട് മാവൂരില്‍ കോളറയെന്ന് സംശയം. കോളറ ലക്ഷണവുമായി മൂന്ന് പേര്‍ ചികിത്സതേടി. മാവൂര്‍ ചെറൂപ്പയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കടുത്ത ഛര്‍ദ്ദിയുമായി ഒരു ഇതര സംസ്ഥാന തൊഴിലാളി ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇയാള്‍ക്ക് കോളറ ലക്ഷണമാണെന്ന് കണ്ടെത്തിയതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്നാണ് മറ്റ് രണ്ട് പേര്‍കൂടി ഇതേ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. മാവൂര്‍ തെങ്ങിലകടവില്‍ ആറ് കെട്ടിടങ്ങളിലായി നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നുണ്ട്. ഇവിടെ താമസിച്ചിരുന്നവരാണ് കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
രണ്ട് കെട്ടിടത്തിന് സമീപത്തെയും കിണറുകളിലെ വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്. ഈ കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് നടത്തുന്ന പാനീയ വില്പന ആരോഗ്യവകുപ്പ് നിരോധിച്ചു.