കേരളത്തിലെ മോഷ്ടാക്കളെ രക്ഷിക്കാന്‍ അഭിഭാഷകരുടെ സംഘടന
മോഷ്ടാക്കള്‍ മാഫിയയുടെ കമ്മീഷന്‍ പറ്റുന്ന ഏജന്‍റുമാര്‍
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ബന്ധമുള്ള മോഷണ മാഫിയയ്ക്കു പിന്നില്‍ അഭിഭാഷകരുടെ വലിയ ശൃംഖല. വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് മാലപൊട്ടിക്കല്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ രക്ഷിക്കാനാണ് സംസ്ഥാന വ്യാപകമായി തന്നെ അഭിഭാഷകരുടെ സംഘടന പ്രവര്‍ത്തിക്കുന്നത്.. മീഡിയവണ്‍ അന്വേഷണം.
ആഗസ്റ്റ് 13 ന് കന്നഡ മാത്രം സംസാരിക്കുവാനറിയുന്ന രണ്ട് സ്ത്രീകള്‍ കുററിപ്പുറം സ്റ്റാന്റില്‍ നിന്ന് ഒരു യാത്രക്കാരിയുടെ 5 പവന്‍ മാല പൊട്ടിച്ചോടി.
മറ്റ് യാത്രക്കാരും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംസ്ഥാനത്ത് ഇത്തരം കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഈ കേസിന് പിന്നീടെന്ത് സംഭവിച്ചു എന്ന് ഞങ്ങള്‍ അന്വേഷിക്കുന്നു.
പോലീസില്‍ നിന്നുള്ള വിവര പ്രകാരം തൊണ്ടി കണ്ടെത്താനായില്ലെങ്കിലും കേസ് ചാര്‍ജ് ചെയ്തു. പക്ഷെ കോടതിയില്‍ വെച്ച് പ്രശ്നം ഒത്ത് തീര്‍പ്പായി.
ഒത്ത് തീര്‍പ്പ് നടത്തിയ പരാതികാരിയെ തേടിയായി പിന്നീടുള്ള യാത്ര. അവരുടെ അടുത്ത ബന്ധുവിനെ കണ്ടത്തി
മോഷ്ടാക്കള്‍ക്കായി ഇവരെ ഒരു അഭിഭാഷകന്‍ ബന്ധപ്പെട്ടു. നഷ്ടപെട്ട മാല തിരിച്ച് കിട്ടില്ലെന്നും പകരം നഷ്ടപരിഹാരം തരാമെന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം.
ഒടുവില്‍ 63000 രൂപയ്ക്ക് കേസ് ഒത്ത് തീര്‍പ്പാക്കി. മറ്റൊരു കേസിന്റെ കാര്യം പറഞ്ഞ് അതേ അഭിഭാഷകനെ ഞങ്ങള്‍ ബന്ധപ്പെട്ടു. പ്രതികളെ പിടിച്ചാല്‍ തങ്ങള്‍ ഹാജരാകുമെന്ന് മറുപടി. ഇതില്‍ നിന്ന് വ്യക്തമാകുന്നത് മോഷണം നടത്തുന്നവര്‍ ഇതരസംസ്ഥാന ബന്ധമുള്ള വന്‍ മോഷണ മാഫിയയുടെ കമ്മീഷന്‍ ഏജന്റുകള്‍ മാത്രമാണ്. സംസ്ഥാനത്തിന്റെ എവിടെ വച്ച് പിടിക്കപെട്ടാലും അവരെ രക്ഷപെടുത്തുവാനും നിയമസഹായത്തിനും ആളുണ്ട്.