കെഇആര്‍ ഭേദഗതിക്കെതിരെ സ്കൂള്‍ മാനേജ്മെന്റുകള്‍ നിയമ പോരാട്ടത്തിന്
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കെഇആര്‍ ഭേദഗതിക്കെതിരെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ നിയമപോരാട്ടത്തിന്. കെഇആറിന്‍റെ പേരില്‍ സര്‍ക്കാര്‍ കടുംപിടുത്തത്തിലേക്ക് പോയാല്‍..
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കെഇആര്‍ ഭേദഗതിക്കെതിരെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ നിയമപോരാട്ടത്തിന്. കെഇആറിന്‍റെ പേരില്‍ സര്‍ക്കാര്‍ കടുംപിടുത്തത്തിലേക്ക് പോയാല്‍ സ്കൂള്‍ അടച്ചു പൂട്ടാനാണ് ഇവരുടെ തീരുമാനം. ആയിരത്തോളം എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളവും വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
തങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ കെഇആര്‍ ഭേദഗതി നടപ്പില്‍ വരുത്തിയതെന്നാണ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ ആരോപണം. ഇതിനെതിരെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. 1979ന് ശേഷം അപ്ഗ്രേഡ് ചെയ്യപ്പെട്ട ന്യൂ സ്കൂള്‍ എന്നറിയപ്പെടുന്ന സ്കൂളുകളില്‍ മുഴുവന്‍ തസ്തികളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് മാനേജ്മെന്‍റുകള്‍ പറയുന്നത്. എന്നാല്‍ 1979ന് ശേഷം അനുവദിച്ച സ്കൂളുകള്‍ പുതിയ സ്കൂളുകളുടെ പട്ടികയില്‍പ്പെടുത്തി മുന്‍കാല പ്രാബല്യത്തോടെ സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
2016 ജനുവരി 29ന് ശേഷം എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം അനിശ്ചിത്വത്തിലായിരിക്കുകയാണെന്നാണ് മാനേജ്മെന്‍റുകള്‍ പറയുന്നത്. സംരക്ഷിത അധ്യാപകരുടെ നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അംഗീകാരം നല്‍കൂവെന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ കൂടുതല്‍ കടുംപിടുത്തവുമായി മുന്നോട്ട് പോയാല്‍ എയ്‍ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം.