സിപിഎം സമ്മേളനം: മലപ്പുറത്ത് കെടി ജലീലിനെതിരെ വിമര്‍ശം

Update: 2018-06-03 02:36 GMT
Editor : Muhsina
സിപിഎം സമ്മേളനം: മലപ്പുറത്ത് കെടി ജലീലിനെതിരെ വിമര്‍ശം
Advertising

എടപ്പാള്‍, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങളിലാണ് മന്ത്രി കെ ടി ജലീലിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നത്. സിപി ബാവഹാജി അടക്കമുള്ള സമ്പന്ന ലീഗ് നേതാക്കളുമായി ജലീല്‍ തുടരുന്ന ബന്ധം..

മലപ്പുറം ജില്ലയിലെ സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ മന്ത്രി കെ ടി ജലീലിന് രൂക്ഷ വിമര്‍ശം. ജലീല്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ മാനിക്കാതെ ആണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. കാന്തപുരം വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന ആരോപണവും സമ്മേളനങ്ങളില്‍ ഉയര്‍ന്നു.

Full View

എടപ്പാള്‍, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങളിലാണ് മന്ത്രി കെ ടി ജലീലിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നത്. സിപി ബാവഹാജി അടക്കമുള്ള സമ്പന്ന ലീഗ് നേതാക്കളുമായി ജലീല്‍ തുടരുന്ന ബന്ധം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് എടപ്പാള്‍‌ സമ്മേളനത്തില്‍ ഒരു പ്രതിനിധി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ജലീല്‍ അമിത ആവേശം കാണിക്കുന്നുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എംബി ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജലീല്‍ ഇടപെട്ടത് അംഗീകരിക്കാനാവില്ല. കായല്‍ നികത്തി കെട്ടിടം പണിതവരെ സംരക്ഷിക്കുന്ന നിലപാട് ജലീല്‍ സ്വീകരിച്ചെന്ന വിമര്‍ശവും ഉണ്ടായി . വട്ടംകുളം, എടപ്പാള്‍, കാലടി , തവനൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികളാണ് ജലീലിനെതിരെ കൂടുതല്‍ വിമര്‍ശമുന്നയിച്ചത്.

വളാഞ്ചേരി ഏരിയാ സമ്മേളനത്തിലും ജലീലിനെതിരെ സമാന രീതിയില്‍ വിമര്‍ശമുയര്‍ന്നു . തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥലം മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ടിയുടെ അഭിപ്രായങ്ങള്‍ക്ക് മന്ത്രി ചെവികൊടുക്കുന്നില്ലെന്ന് ഒരു പ്രതനിധി കുറ്റപ്പെടുത്തി. കാന്തപുരം വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മന്ത്രി മറ്റു മുസ്ലിം സംഘടനകളെ ശത്രുപക്ഷത്താക്കിയെന്നും വിമര്‍ശമുണ്ടായി. കക്കാടംപൊയില്‍ പാര്‍ക്കിന്‍റെ പേരില്‍ ആരോപണ വിധേയനായ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നിലമ്പൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നില്ല. പിവി അന്‍വറിനെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് എ വിജയരാഘവന്‍ അടക്കമുള്ള നേതാക്കള്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News