പഞ്ചായത്തുകളില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കും
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം.
പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശം. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ക്ക് മദ്യശാലകള്‍ തുറക്കാം. വിനോദ സഞ്ചാരമേഖലക്ക് നിശ്ചിത ആളുകളില്ലെങ്കിലും മദ്യശാലകള്‍ തുറക്കാം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം.
ദേശീയപാതകളുടേയും സംസ്ഥാനപാതകളുടേയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് 2015 ഡിസംബര്‍ 15നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നഗരപാതകളെ പിന്നീട് സുപ്രീംകോടതി തന്നെ ഒഴിവാക്കി. ഈ ഇളവ് മുന്‍സിപല്‍ മേഖലകളിലേക്കുകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികളില്‍ 2017 മാര്‍ച്ച് 31നും ജൂലൈ 11നും അനുകൂല ഉത്തരവുകള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായി.
പാതയോര മദ്യവില്‍പന നിരോധനത്തില്‍ നിന്നും പഞ്ചായത്തുകളെ കൂടി ഒഴിവാക്കണമെന്ന് കാണിച്ച് കേരളം, അസം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്നും ഇത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് കേരളം ഇപ്പോള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.