ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്‍റ്

Update: 2018-06-04 18:46 GMT
Editor : Sithara
ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്‍റ്
Advertising

ദിലീപിനെ വീണ്ടും പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു

നടന്‍ ദിലീപിനെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നായിരുന്നു ദിലീപിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയത്. അതേസമയം സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ വെല്ലുവിളിച്ചാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് രൂപീകരിച്ചത്. എന്നാല്‍ അറസ്റ്റിലായി അടുത്ത ദിവസം തന്നെ ദീലീപിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ പ്രസിഡണ്ട് സ്ഥാനം തിരിതെ നല്‍കിയാണ് സംഘടന ദിലീപിനോട് കൂറ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിന്റെ ഒഴിവില്‍ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന ആന്റണി പെരുന്പാവൂര്‍ വൈസ് പ്രസിഡണ്ടായി തുടരും.നടി ആക്രമിക്കപെട്ട കേസിൽ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. പോലീസ് റിപ്പോർട്ട് അനുസരിച്ച് നാദിർഷയ്ക്ക്‌ അറസ്റ്റ് ഭീഷണി ഉണ്ടെന്ന് കരുതുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു. അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ നാദിർഷയോട് നോട്ടീസ് നൽകിയ ശേഷം ഹാജരാകാൻ ആവശ്യപ്പെടാം. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അതാകാം എന്നും കോടതി വ്യക്തമാക്കി.

എല്ലാ സാക്ഷികളെയും പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ല എന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ ആവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News