പ്രതിഷേധം മയപ്പെടുത്തി ലത്തീന്‍ സഭ; ഇടയലേഖനത്തില്‍ വിമര്‍ശം ഒഴിവാക്കി
ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രകടിപ്പിച്ചിരുന്ന പ്രതിഷേധം മയപ്പെടുത്തി ലത്തീന്‍ സഭ. സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ ഒഴിവാക്കി പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കണമെന്നതുള്‍പ്പെടെ..
ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രകടിപ്പിച്ചിരുന്ന പ്രതിഷേധം മയപ്പെടുത്തി ലത്തീന്‍ സഭ. സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ ഒഴിവാക്കി പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങള്‍ നിരത്തി സഭയുടെ ഇടയലേഖനം. ദുരന്തബാധിതര്‍ക്കായി പള്ളികളില്‍ പ്രാര്‍ഥനാ ദിനം ആചരിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി തീരദേശ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അലയടിച്ച വികാരമല്ല ഇന്നത്തെ ഇടയലേഖനത്തില്‍ പ്രതിഫലിച്ചത്. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനോടുള്ള ആവശ്യങ്ങള്‍ക്കാണ് പ്രാമുഖ്യം. രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്നും സഭ ആഹ്വാനം ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുനയനീക്കങ്ങള്‍ തത്കാലത്തേക്കെങ്കിലും വിജയം കണ്ടുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഓഖി ദുരന്തത്തിന്റെ വേദനയിൽ നിന്ന് ഇനിയും മോചിതരാകാത്ത തീരദേശ ജനതക്ക് സമാധാനം പകരുന്നതിനായാണ് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാന പ്രകാരം തിരുവനന്തപുരം അതിരൂപതക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പ്രാർഥന ദിനം ആചരിച്ചത്. 4 പേര്‍ മരിക്കുകയും 34 പേരെ ഇനിയും കണ്ടെത്താനുമുള്ള പൂന്തുറ ഇടവകയിലെ പ്രാര്‍ഥന ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഒത്തുചേര്‍ന്നു. അതിരൂപത സഹായമെത്രാന്‍ ഐറേനിയോസ് പിതാവും ഇടവക വികാരി ജസ്റ്റിന്‍ ജൂഡും പ്രാര്‍ഥനക്കും ദിവ്യബലിക്കം നേതൃത്വം നല്‍കി.