കണ്ണൂരില്‍ ഐഎസ് ബന്ധം ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു
സിറിയയിലേക്ക് കടക്കവേ തുര്‍ക്കി മടക്കിയയച്ച മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു
കണ്ണൂരില്‍ ഐഎസ് ബന്ധം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിയയിലേക്ക് കടക്കവേ തുര്‍ക്കി മടക്കിയയച്ച മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി.
ഐഎസില്‍ പരിശീലനം ലഭിച്ച മൂന്ന് യുവാക്കളാണ് ഇന്ന് അറസ്റ്റിലായതെന്നാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് പറയുന്നത്. മുണ്ടേരി സ്വദേശി കെ സി മിദിലാജ്, എം വി റാഷിദ്, മയ്യില്‍ ചെട്ടിക്കുളം സ്വദേശി കെ വി അബ്ദുല്‍ റസാഖ് എന്നിവരെയാണ് ഇന്ന് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിന് യുഎപിഎ 38,39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവര്‍ നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇസ്താംബൂളില്‍ മൂന്ന് മാസം താമസിച്ച ശേഷം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് മടക്കി അയച്ചവരാണ് ഇപ്പോള്‍ പിടിയിലായവരെന്ന് പൊലീസ് പറയുന്നു. നാല് മാസമായി നാട്ടിലുള്ള ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്തിരുന്നതായും വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കണ്ണൂര്‍ ഡിവൈഎസ് പി പി സദാനന്ദന്‍ പറഞ്ഞു.
തലശ്ശേരി സ്വദേശി ഹംസയാണ് കണ്ണൂരില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ചാലാട് സ്വദേശി ഷാഹനാര്‍ അടക്കം അഞ്ച് പേര്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. തുര്‍ക്കി പൊലീസ് മടക്കി അയച്ച 3 പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും അറസ്റ്റിലായവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഐഎക്ക് കൈമാറുമെന്നും പൊലീസ് പറഞ്ഞു.