കോട്ടയം ദുരഭിമാനക്കൊല: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കൊലപാതകത്തില്‍ പൊലീസുകാര്‍ക്കടക്കം പങ്കുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കെവിന്‍റെ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊലപാതകത്തില്‍ പൊലീസുകാര്‍ക്കടക്കം പങ്കുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാനത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരന്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായത് സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് ഇത്തരം ഹീനമായ കൃത്യങ്ങളെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിക്ക് പൊലീസുകാരും കൂട്ടുനിന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പൌരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും സംഭവത്തില്‍ സംസ്ഥാനത്തിന്‍റെ വിശദീകരണം തേടിയ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കെവിന്‍റെ കൊലപാതകം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.