പത്തനംതിട്ടയില്‍ ഡങ്കു ടൈപ്പ് 3; കര്‍ശന ജാഗ്രതാ നിര്‍ദേശം
തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗമാണ് ഡങ്കു ടൈപ്പ് 3. ഡങ്കുബാധിച്ച് പത്തനംതിട്ടയില്‍ മാത്രം ഈ വര്‍ഷം 5 രോഗികള്‍ മരിച്ചു
ഡങ്കു ടൈപ്പ് 3 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗമാണ് ഡങ്കു ടൈപ്പ് 3. ഡങ്കുബാധിച്ച് പത്തനംതിട്ടയില്‍ മാത്രം ഈ വര്‍ഷം 5 രോഗികള്‍ മരിച്ചു. എലിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
നാറാണംമൂഴി പഞ്ചായത്തില്‍ നിന്നും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 11 വയസ്സുകാരനാണ് ഡങ്കു ടൈപ്പ് 3 സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗാവസ്ഥ മാരക സ്വഭാവമുള്ളതാണ്. ഡങ്കുവിന്റെ മറ്റ് വകഭേദങ്ങളായ ടൈപ്പ് 1,2,4 എന്നിവ നേരത്തെ ജില്ലയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം മാത്രം 5 രോഗികള്‍ ഡങ്കു ബാധിതരായി മരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ രോഗബാധിതരുടെ എണ്ണം കൂടുതലാണ്.
പത്തനംതിട്ട നഗരസഭ, ഇലന്തൂര്‍, വല്ലന, മലയാലപ്പുഴ തുടങ്ങിയ ഇടങ്ങളിലാണ് പനിബാധിതര്‍ ഏറെയുമുള്ളത്. മുന്‍ വര്‍ഷത്തില്‍ എലിപ്പനി ബാധിതരുടെ എണ്ണം 22 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 200 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 20 വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മലേറിയ 19 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്ഥിരീകരിച്ചു.
മാലിന്യ നിര്‍മാര്‍ജ്ജനത്തിനും വെള്ളക്കെട്ടായി മാറിയ തരിശ് പാടങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ വിതറുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാലെടുപ്പ് പൂര്‍ത്തിയായ റബ്ബര്‍ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ ചിരട്ടകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി.