കാസര്‍കോട് നിന്ന് കാണാതായ കുടുംബങ്ങള്‍ യമനിലെന്ന് ശബ്ദസന്ദേശം
കാസര്‍കോട് നിന്ന് രണ്ട് കുടംബങ്ങളെയാണ് കാണാതായത്. 6 കുട്ടികള്‍ ഉള്‍പ്പടെ 11 പേരാണ് സംഘത്തിലുള്ളത്. സുഹൃത്തുക്കളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യമനിലുണ്ടെന്ന് സവാദ് വ്യക്തമാക്കിയത്.
താനും കുടുംബവും യമനിലുണ്ടെന്ന് കാസര്‍കോട് നിന്ന് കാണാതായ സവാദിന്റെ ശബ്ദസന്ദേശം. സവാദിനെയും കുടുംബത്തെയും കാണാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചതിന് പിന്നാലെ സുഹൃത്തുക്കളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യമനിലുണ്ടെന്ന് സവാദ് വ്യക്തമാക്കിയത്. കാസർകോട് മൊഗ്രാലിലെയും ഉപ്പളയിലെയും രണ്ട് കുടുംബങ്ങളിലെ 11 പേരെ കാണാനില്ലെന്നായിരുന്നു പരാതി.
കാസര്‍കോട് മൊഗ്രാലിലെയും ഉപ്പളയിലെയും രണ്ട് കുടംബങ്ങളെയാണ് കാണാതായത്. 6 കുട്ടികള്‍ ഉള്‍പ്പടെ 11 പേരാണ് സംഘത്തിലുള്ളത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ, മക്കളായ മുസബ്, മര്‍ജാന, മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് സ്വദേശിനി റഹാനത്ത്, ഉപ്പള സ്വദേശി അന്‍വര്‍, ഭാര്യ സീനത്ത്, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെ ജൂണ്‍ 15 മുതല്‍ കാണാനില്ലെന്നാണ് പരാതിയിലുള്ളത്.
സവാദിന്റെ ഭാര്യ പിതാവാണ് കുടുംബത്തെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ദുബൈയിലെ മൊബൈല്‍ കടയിലെ വ്യാപാരിയാണ് കാണാതായ സവാദ്. കുടുംബങ്ങളുടെ തിരോധാനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ താനും കുടുംബവും യമനിലെ അലർമൗത്ത് ഹാമിയിലെ മർകസിലാണുള്ളതെന്ന് മൊഗ്രാല്‍ സ്വദേശി സവാദ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇതില്‍ ഐ.എസ് അടക്കമുള്ള സംഘങ്ങളെ സവാദ് സന്ദേശത്തിൽ തള്ളി പറയുന്നുണ്ട്.