മഴ വീടും കൊണ്ടുപോയി; പിഞ്ചുകുഞ്ഞുങ്ങളുമായി നിസ്സഹായയായി നിജ
കൊല്ലം മലയോര മേഖലയിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. 19 വീടുകള്‍ പൂര്‍ണമായും 620 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 95 കുടുംബങ്ങളാണ് നാല് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത്.
കാലവര്‍ഷക്കെടുതിയില്‍ വീട് പൂര്‍ണമായും തകര്‍ന്നതോടെ നിസ്സഹായരായി ഒരു നിര്‍ധന കുടുംബം. കൊല്ലം കുളത്തൂപ്പുഴ സാംനഗറില്‍ നിജയുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. കൊല്ലം ജില്ലയില്‍ 639 വീടുകള്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു.
ആറ് മാസം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെട്ട നിജയും ഒന്നരയും അഞ്ചും വയസ്സായ കുട്ടികളും കഴിഞ്ഞിരുന്ന വീടാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. രാത്രിയില്‍ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടിയതു കൊണ്ട് അപകടത്തില്‍ നിന്ന് നിജയും മക്കളും രക്ഷപ്പെട്ടു. അയല്‍പക്കത്തെ ബന്ധുവീട്ടിലാണ് ഇവര്‍ താല്‍ക്കാലികമായി അഭയം തേടിയിരിക്കുന്നത്. നിജയുടെ മാതാവ് തൊഴിലുറപ്പ് പദ്ധതിക്ക് പോയി ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം. കൊല്ലം ജില്ലയുടെ മലയോര മേഖലയിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. 19 വീടുകള്‍ പൂര്‍ണമായും 620 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളിലായി 95 കുടുംബങ്ങളാണ് നാല് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത്.