കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടി   

Update: 2018-08-24 09:59 GMT
Advertising

കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാൻ 28,29, 30 തീയതികളിൽ നടപടിയാരംഭിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ആദ്യഘട്ടത്തില്‍ വെള്ളം വറ്റിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറു കോടി സമാഹരിക്കാന്‍ പ്രത്യേക ലോട്ടറി നടത്തും. അടുത്ത ദിവസം തന്നെ കുട്ടനാട്ടില്‍ വെള്ളം അടിച്ചു വറ്റിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എ.സി റോഡ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സഞ്ചാരയോഗ്യമാക്കും. ഇതിനായി തായ്ലാന്‍ഡില്‍ ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുമ്പോള്‍ ഉപയോഗിച്ച തരത്തില്‍പ്പെട്ട മൂന്ന് പമ്പ് സെറ്റുകള്‍ കിര്‍ലോസ്കര്‍ കമ്പനി ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അര ലക്ഷം പേർ മൂന്ന് ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ജില്ലക്കകത്ത് നിന്നും പുറത്തു നിന്നും വളണ്ടിയര്‍മാരുണ്ടാവും. എല്ലാ വീടുകളും പരിശോധിച്ച് പ്ലംബിംഗ്, വയറിംഗ് കാർപെന്റർ ജോലികൾ ചെയ്യാനും പാമ്പുകളെ പിടിക്കാനും വിദഗ്ധ സംഘങ്ങളുണ്ടാവും.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പലിശ രഹിത വായ്പ കുടുംബശ്രീ വഴി അംഗങ്ങൾക്ക് നൽകാൻ നടപടിയെടുക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ ലോട്ടറി നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ശേഖരിച്ചിട്ടുള്ള നിത്യോപയോഗ സാധനങ്ങള്‍ പ്രത്യേക കിറ്റുകളാക്കി വീടുകളി‍ലേക്ക് മടങ്ങുന്നവര്‍ക്ക് നല്‍കുമെന്നും തോമസ് ഐസക് അറിയിച്ചു.

Full View
Tags:    

Similar News