ശശിയുടെ വാദങ്ങളുടെ മുനയൊടിച്ച് സി.പി.എം
യുവതിയുടെ പരാതി പുറത്തുവന്ന സെപ്റ്റംബര്‍ മൂന്നിന് ശേഷം പി.കെ ശശി ആവര്‍ത്തിച്ച് പറഞ്ഞത് പരാതി സംബന്ധിച്ച് അറിഞ്ഞിട്ടേയില്ലെന്നും പാര്‍ട്ടി തന്നോട് ഒന്നും ചോദിച്ചില്ലെന്നുമായിരുന്നു.
ലൈംഗികാരോപണ വിവാദത്തില്‍ പി.കെ ശശി എം.എല്‍.എയുടെ വാദങ്ങളെല്ലാം തള്ളി സി.പി.എം. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്നത് ശശിയുടെ മാത്രം അഭിപ്രായമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. പരാതി സംബന്ധിച്ച് അറിവില്ലെന്ന ശശിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിശദീകരണവും.
യുവതിയുടെ പരാതി പുറത്തുവന്ന സെപ്റ്റംബര്‍ മൂന്നിന് ശേഷം പി.കെ ശശി ആവര്‍ത്തിച്ച് പറഞ്ഞത് പരാതി സംബന്ധിച്ച് അറിഞ്ഞിട്ടേയില്ലെന്നും പാര്‍ട്ടി തന്നോട് ഒന്നും ചോദിച്ചില്ലെന്നുമായിരുന്നു. എന്നാല്‍ ആഗസ്റ്റ് പതിനാലിന് കിട്ടിയ പരാതിയില്‍ പി.കെ ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയെന്നും ശേഷം ആഗസ്റ്റ് 31ന് തന്നെ അന്വേഷണ കമ്മീഷനെ രൂപീകരിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പരാതി ഗൂഢാലോചനയെന്നാണ് ശശിയുടെ മറ്റൊരു വാദം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തന്നെ ഗൂഢാലോചന സിദ്ധാന്തം തള്ളിക്കളയുന്നു. പരാതി സ്ത്രീ പീഡനം തന്നെയാണെന്നു കൂടി വ്യക്തമാക്കുന്നതാണ് സി.പി.എം പ്രസ്താവന. ചുരുക്കത്തില്‍ ലൈംഗികപീഡന ആരോപണത്തില്‍ കൈ കഴുകാനുള്ള സി.പി.എം ശ്രമം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് പി.കെ ശശിയെയാണ്.