പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന് ആരോപണം; കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീകോടതി

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന ഓര്‍ഡിനന്‍സ് രൂക്ഷ വിമര്‍ശനത്തോടെ നേരത്തെ കോടതി റദ്ദാക്കിയിരുന്നു

Update: 2018-10-04 16:05 GMT
Advertising

കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സുപ്രിംകോടതിയുടെ ഉത്തരവ്. പ്രവേശന മേല്‍നോട്ട സമിതിയാണ് ആരോപണം അന്വേഷിക്കേണ്ടത്. കോളേജില്‍ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനം നടത്താനുള്ള അനുമതിയും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിഷേധിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളജ് 2016-17 അധ്യായന വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് ഒരു കോടി രൂപവരെ തലവരിപ്പണം വാങ്ങിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഇതില്‍ പ്രവേശന മേല്‍നോട്ട സമിതി അന്വേഷണം നടത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടിട്ടുള്ളത്. ഫീസ് വാങ്ങിയതിലെ രേഖകള്‍ ഉള്‍പ്പെടെ പ്രവേശന സമിതി പരിശോധിക്കണം. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് ഈടാക്കിയ ഫീസ് ഇരട്ടിയായി തിരിച്ച് നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് കോളേജ് മാനേജ്മെന്റ് പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.

Full View

തലവരിപ്പണം വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് നേരത്തെ കേടതി പറഞ്ഞിരുന്നു. എന്നാല്‍, പത്ത് ലക്ഷം രൂപ മാത്രമേ ഫീസായി വാങ്ങിയിട്ടുള്ളൂ എന്ന് മാനേജ്മെന്റ് കോടതിയില്‍ വാദിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന ഓര്‍ഡിനന്‍സ് രൂക്ഷ വിമര്‍ശനത്തോടെ നേരത്തെ കോടതി റദ്ദാക്കിയിരുന്നു. അതേസമം സമയ പരിധി അവസാനിച്ചതിനാല്‍ ഈ അധ്യായന വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    

Similar News