എലപ്പുള്ളി ബ്രൂവറി: സമരരംഗത്തേക്ക് ഒടുവില്‍ ബിജെപിയും

ബ്രൂവറിക്ക് അനുമതി ലഭിച്ച അപ്പോളോ ഡിസ്റ്റിലറി ഉടമകളുമായി ബി.ജെ.പി നേതൃത്വത്തിനുള്ള ബന്ധമാണ് മൗനത്തിന് പിറകിലെന്നായിരുന്നു ആരോപണം. 

Update: 2018-10-06 03:27 GMT
Advertising

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കൂടുതല്‍ സംഘടനകള്‍ സമരരംഗത്ത്. രാഷ്ട്രീയപ്പാര്‍ട്ടികളോടൊപ്പം യുവജന സംഘടകളും സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും പ്രതിഷേധ രംഗത്തേക്ക് വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ രംഗത്തില്ലാതിരുന്ന ബി.ജെ.പിയും സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ബ്രൂവറിക്കെതിരെ രംഗത്തു വന്നു.

Full View

ജലദൗര്‍ലഭ്യ മേഖലയില്‍ ബ്രൂവറി അനുവദിച്ചതിനെതിരെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് ശക്തമായി സമരരംഗത്തുണ്ട്. ഇതിനു പുറമെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ച പ്രദേശത്ത് പ്രത്യേക സമര പരിപാടി നടത്തി. ഇതിനു പുറമെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കിന്‍ഫ്ര പൈപ്പ്‌ലൈന്‍ വിരുദ്ധ സമരസമിതി കഴിഞ്ഞ ദിവസം ജലപാനരഹിത സമരം നടത്തി. യുവമോര്‍ച്ച ഒരു പ്രതിഷേധ പരിപാടി നടത്തിയതൊഴിച്ചാല്‍ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാതിരുന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ബ്രൂവറിക്ക് അനുമതി ലഭിച്ച അപ്പോളോ ഡിസ്റ്റിലറി ഉടമകളുമായി ബി.ജെ.പി നേതൃത്വത്തിനുള്ള ബന്ധമാണ് മൗനത്തിന് പിറകിലെന്നായിരുന്നു ആരോപണം. രാഷ്ട്രീയമായി ഉയര്‍ന്ന സമ്മര്‍ദ്ദത്തിനൊടുവില്‍ ബി.ജെ.പിയും ബ്രൂവറിക്കെതിരെ സമരവുമായി രംഗത്തുവരാന്‍ തീരുമാനിച്ചു.

കൂടുതല്‍ സംഘടനകളും പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയതിനാല്‍ ബ്രൂവറി വിരുദ്ധ സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കും.

Tags:    

Similar News