കെ.എസ്.ആര്‍.ടി.സില്‍ ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിട്ടു
പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി കണ്ടെത്തിയിട്ടുണ്ട്
കെ.എസ്.ആര്‍.ടി.സില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനിൽക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 773 പേരും മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നടപടി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സില്‍ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ മാനേജ്‌മെന്റ് പറഞ്ഞിരുന്നു. പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അവധിയെടുത്തവരേയും പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.