നജ്‍മല്‍ ബാബു തുറന്നു കാണിച്ച ഇസ്‍ലാം വിരുദ്ധത

മുൻ നക്സൽ പ്രവർത്തകനും നജ്മൽ ബാബുവിന്റെ നാട്ടുകാരനും നിരവധി സമരങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഒപ്പം പ്രവർത്തിക്കുകയും ചെയ്ത പി.എ കുട്ടപ്പൻ നജ്‍മല്‍ ബാബുവിനെ ഓര്‍ക്കുന്നു

Update: 2018-10-09 15:20 GMT
പി.എ കുട്ടപ്പന്‍ : പി.എ കുട്ടപ്പന്‍
Advertising

ഈ കാലഘട്ടത്തിൽ നമ്മൾക്കൊപ്പം കൂടെയുണ്ടായിരുന്ന ഫാഷിസ്റ്റുവിരുദ്ധ പോരാളി നജ്മല്‍ എന്‍ ബാബു ദേഹംകൊണ്ടു നമ്മളെ വിട്ടുപോയിരിക്കുന്നു. മുസ്‌ലിമിന്റെയും ദലിതരുടെയും അടിച്ചമർത്തപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും സവിശേഷമായി പോലീസ് അടിച്ചമർത്തൽ നേരിടുന്നവരുടെയും നീതിക്കുവേണ്ടിയും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും നിലയുറപ്പിച്ച നജ്മൽ ബാബുവിനോട് കേരളം പക്ഷെ നീതി പുലർത്തിയില്ല. ഇസ്‍ലാം മതം സ്വീകരിച്ച അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു തന്റെ മയ്യിത്ത് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ ഖബറടക്കുക എന്നത്. എന്നാൽ കേരളവും ജന്മനാടായ കൊടുങ്ങല്ലൂരും അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു.

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ നേതൃത്വനിരയിലുണ്ടായിരുന്ന ടി.എന്‍ ജോയ് അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായി. ജയില്‍വാസത്തിന് ശേഷം നീതി നിഷേധിക്കപ്പെട്ടവരുടെ സമരങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും സജീവമായ ഇടപെടൽ നടത്തിയ അദ്ദേഹം എല്ലാ അടിച്ചമര്‍ത്തലിനെതിരെയും നിരന്തരം ശബ്ദിച്ചു. പോലീസ് വേട്ടയാടുന്നവരുടെ അടുത്ത് അദ്ദേഹം ഓടിയെത്തുകയും മർദ്ദനമേറ്റവരുടെ കൂട്ടിയിരുപ്പുകാരനാവുകയും ചെയ്തു. പോലീസ് ഭീകരത അനുഭവിക്കുന്നവരെ മാധ്യമശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു. തന്നെ പോലെ പോലീസ് പീഡനമനുഭവിക്കുന്ന മർദ്ദിത മനുഷ്യരോടുള്ള ഐക്യപ്പെടൽ മാത്രമായിരുന്നില്ല ആ കൂട്ടിരുപ്പിന് പിന്നിൽ. നക്സലൈറ്റ് ആയിരുന്ന നജ്മൽ ബാബുവിന്റെ രാഷ്ട്രീയമായിരുന്നു അത്.

മർദ്ദിത വിഭാഗങ്ങളോടുള്ള ഈ ഐക്യപ്പെടൽ, തീവ്രമാകുന്നത് ഇന്ത്യയിലെ അടിച്ചമർത്തപ്പെടുന്ന വിഭാഗമായ ഇസ്‍ലാം മത വിശ്വാസികളുടെ ആരാധനാലയം ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികൾ തകർത്തപ്പോഴായിരുന്നു. സംഘ്പരിവാർ നേതൃത്വത്തിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ നടന്ന ഗുജറാത്ത് മുസ്‍ലിം വംശഹത്യ ടി.എൻ ജോയ് എന്ന പഴയ നക്സൽ നേതാവിനെ പിടിച്ചുലച്ചു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഓരോ സർക്കാരുകളും മാറി മാറി വരുമ്പോഴും മുസ്‍ലിം സമൂഹം വേട്ടയാടപ്പെടുന്നതിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ദലിതരും ആദിവാസികളും അടിച്ചമർത്തപെടുമ്പോൾ തന്നെ മുസ്‍ലിമിനെ സവിശേഷമായി ഭീകരമുദ്ര ചുമത്തി എല്ലാ വിഭാഗങ്ങളിൽ നിന്നും ആസൂത്രിതമായ ശ്രമം നടന്നു. നിരന്തരം മുസ്‍ലിം യുവാക്കൾ വേട്ടയാടപ്പെട്ടു. കള്ളക്കേസുകളിൽപ്പെടുത്തി ടാഡയും യു.എ.പി.എയും പോലുള്ള  ഭീകരനിയമങ്ങൾ ചുമത്തി ജയിലിലടച്ചു. ഒരു വശത്ത്  വംശീയ ആക്രമണങ്ങളും കലാപങ്ങളും സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുമ്പോൾ തന്നെ മറുവശത്ത് മുസ്‍ലിം യുവാക്കളെ വേട്ടയാടി ജയിലിൽ അടച്ചു. സർക്കാർ, പോലീസ്, മാധ്യമ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചു മുസ്‍ലിം സമൂഹത്തെ ഇന്ത്യയിലൊട്ടാകെ അപരവത്ക്കരിച്ചു കൊണ്ടിരുന്നു. മുസ്‍ലിം സമൂഹത്തെ അപരവത്ക്കരിക്കുന്നതിൽ സംഘപരിവാറിന് മാത്രമല്ല, മതേതരവാദികൾ എന്നറിയപ്പെടുന്ന കോൺഗ്രസിന്റെയും  കമ്യൂണിസ്റ്റുകൾ എന്നറിയപ്പെടുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപാർട്ടികളുടെയും പങ്കിനെ നജ്മൽ പ്രശ്നവത്ക്കരിച്ചു.

എന്നാൽ നവോത്ഥനത്തിന്റെയും ഇടതു  മതേതര സങ്കല്പങ്ങളുടെയും പേരിൽ ഊറ്റം കൊള്ളുന്ന കേരള സമൂഹം കടുത്ത അസഹിഷ്ണുതയോടെയാണ് നജ്മൽ ബാബു എന്ന മുസ്‍ലിമിനെ സ്വീകരിച്ചത്. ഹിന്ദുത്വ ഫാസിസ്റ്റുകൾ തെറിവിളികളോടെ അദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ ടി.എൻ ജോയിക്ക് കിറുക്കാണ്, അത് ജോയിയുടെ തമാശയായാണ് എന്നാണ് പഴയ  സഹപ്രവർത്തകരും ഇടതുപക്ഷക്കാരും പ്രചരിപ്പിച്ചത്.

വൈകാതെ ഹിന്ദുത്വ ഫാഷിസത്തിന്റെയും അതിന്റെ മറ്റു രൂപങ്ങളുടെയും മുഖ്യഇരകളായ മുസ്‌ലിം സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചു. ടി.എൻ ജോയ് എന്ന പഴയ പേരിനു പകരം പ്രിയപ്പെട്ട ഗായകൻ നജ്മൽ ബാബുവിന്റെ പേരിൽ വിളിക്കപ്പെടാൻ ആഗ്രഹിക്കുകയും ആ പേര് സ്വീകരിക്കുകയും ചെയ്തു. എന്നാൽ നവോത്ഥനത്തിന്റെയും ഇടതു  മതേതര സങ്കല്പങ്ങളുടെയും പേരിൽ ഊറ്റം കൊള്ളുന്ന കേരള സമൂഹം കടുത്ത അസഹിഷ്ണുതയോടെയാണ് നജ്മൽ ബാബു എന്ന മുസ്‍ലിമിനെ സ്വീകരിച്ചത്. ഹിന്ദുത്വ ഫാസിസ്റ്റുകൾ തെറിവിളികളോടെ അദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ ടി.എൻ ജോയിക്ക് കിറുക്കാണ്, അത് ജോയിയുടെ തമാശയായാണ് എന്നാണ് പഴയ  സഹപ്രവർത്തകരും ഇടതുപക്ഷക്കാരും പ്രചരിപ്പിച്ചത്. ആക്ഷേപങ്ങളെയും വിമർശനങ്ങളെയും നോക്കി നജ്മൽ ചിരിച്ചു. ഇസ്‍ലാം മതം സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ മരണം വരെ നജ്മൽ ഉറച്ചുനിന്നു. ഒരു എതിർപ്പിനും അദ്ദേഹത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

എന്നാൽ നജ്മൽ എന്ന ഫാഷിസ്റ്റുവിരുദ്ധ പോരാളിയായ മുസ്‍ലിമിനെ തോൽപ്പിക്കാൻ തക്കംപാർത്തിരുന്ന കേരളം അദ്ദേഹത്തിന്റെ മയ്യിത്തിനോട് പ്രതികാരം കാണിച്ചാണ് അദ്ദേഹത്തെ  തോൽപ്പിച്ചത്. നജ്മൽ ബാബു പിന്തുണച്ച ഇടതുപക്ഷത്തിനോ പഴയ സഹപ്രവർത്തകർക്കോ കേരളമൊട്ടാകെയുള്ള അദ്ദേഹത്തിന്റെ വലിയ വി.ഐ.പി സൗഹൃദവലയത്തിനോ നജ്മൽ ബാബുവിനെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. മനസ്സിലാക്കിയവർ ആകട്ടെ മരണത്തോടെ നജ്‌മലിന്റെ രാഷ്ട്രീയം റദ്ദ് ചെയ്യാനുമാണ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ മയ്യിത്ത് ചേരമാൻ പള്ളിയിൽ ഖബറടക്കത്തെ അവർ കൊണ്ടുപോയി വീട്ടുവളപ്പിൽ  ദഹിപ്പിച്ചു.

നജ്മല്‍ ബാബുവിന്റെ വിയോഗത്തിൽ  തടിച്ചുകൂടിയവര്‍ക്കും അനുശോചന ഗീര്‍വാണങ്ങള്‍ നടത്തിയവര്‍ക്കും ഒരുമിച്ചു നിന്ന് നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാമായിരുന്നു. പക്ഷെ കടുത്ത ഇസ്‍ലാമോഫോബിയയുടെ വക്താക്കള്‍ക്ക് അത് നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ടി.എന്‍ ജോയി ആയിരിക്കുന്ന കാലത്ത് അദ്ദേഹം കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിനു ഒരു കത്തെഴുതിയിരുന്നു. മരണാന്തരം തന്നെ പള്ളിയിൽ ഖബറടക്കണമെന്നു അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇത് ഏറെ ചർച്ചാ വിഷയമായി. പള്ളി അതികൃതര്‍ ഈ ആവശ്യം എതിര്‍പ്പൊന്നും തന്നെ ഇല്ലാതെ സ്വീകരിച്ചിരുന്നു. തന്‍റെ മയ്യിത്ത് എവിടെ അടക്കം ചെയ്യണമെന്ന് സമൂഹത്തെയും വീട്ടുകാരെയും നജ്മൽ അറിയിച്ചിരുന്നു. കൂടെ നടന്നിരുന്നവര്‍ക്കും നജ്മൽ വേദി പങ്കിട്ടിരുന്ന സി.പി.ഐ, സി.പി.എം പാര്‍ട്ടിക്കാര്‍ക്കും വളരെ വ്യക്തമായി അറിയാവുന്ന വസ്തുതയാണ് അത്. എന്നാൽ നജ്മല്‍ ബാബുവിനോട് അവര്‍ അനീതി പ്രവർത്തിച്ചു. ഇവര്‍ എല്ലാവരും കൂടി നജ്മൽ ബാബുവിന്‍റെ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യുന്നതിനെ ഉള്ളില്‍ നിന്നും പുറത്തുചാടിയ ഹിന്ദുത്വ വര്‍ഗീയതകൊണ്ട് തടഞ്ഞു. നജ്മല്‍ ബാബുവിനെ ഇവര്‍ എല്ലാവരും കൂടി വെറും വേസ്റ്റ് കത്തിക്കും പോലെ കത്തിച്ചു കളഞ്ഞു, എന്തൊരു ക്രൂരതയാണ് അവര്‍ കാണിച്ചത്‌.

ബിനോയ്‌ വിശ്വം, വി.കെ ശ്രീരാമന്‍, അശോകന്‍ ചരുവില്‍, ജോയ് മാത്യു, സുനില്‍ പി ഇളയിടം, കെ.വേണു, ഉണ്ണി ചെക്കന്‍, സുനില്‍കുമാര്‍ എം.എല്‍.എ, മുന്‍ നഗരസഭാ ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍, നിലവിലെ നഗരസഭാ ചെയര്‍മാന്‍ ജൈത്രന്‍, സി.പി.എം നേതാവ് അമ്പാടി വേണു എന്നിവര്‍ നജ്മല്‍ ബാബുവിന്‍റെ അന്ത്യാഭിലാഷത്തിനെതിരെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്. തങ്ങള്‍ നിസ്സഹായരാണ് എന്ന് നടിച്ചുകൊണ്ട്‌ മുസ്‌ലിം വിരുദ്ധ നിലപാട് ഉയര്‍ത്തികൊണ്ടു ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്. നജ്മല്‍ ബാബുവിന്റെ മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ നീതികേടിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് അവർ ചെയ്തത്. ഏതാനും ചില മനുഷ്യ സ്നേഹികള്‍ നീതിയുടെ പക്ഷം പിടിച്ചുകൊണ്ടു നജ്മല്‍ ബാബുവിന്റെ ആഗ്രഹം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നെങ്കിലും അത് ചെവികൊള്ളാന്‍ അധികാരികള്‍ ആരും തന്നെ ശ്രമിച്ചില്ല.

എം.എല്‍.എ സുനില്‍കുമാര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍, നിലവിലെ നഗരസഭാ ചെയര്‍മാന്‍ ജൈത്രന്‍ എന്നിവര്‍ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് എതിരായിരുന്നു. ഇവരൊക്കെ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് നജ്മല്‍ ബാബുവിനോട് നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നത്‌? നിങ്ങള്‍ പുരോഗമന മതനിരപേക്ഷതക്ക് വേണ്ടിയാണല്ലോ നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്നത്.

മുസ്‍ലിം സ്വത്വം നിങ്ങള്‍ക്ക് അലര്‍ജിയാണെന്ന് വ്യക്തമായി മനസിലാക്കുന്നു. കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ മാത്രമല്ല, കേരളത്തിലുടനീളം ഇത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. വ്യക്തിയുടെ മൗലികാവകാശങ്ങള്‍ അത് നിഷേധിച്ചു കൊണ്ടാണോ ജനാധിപത്യത്തെ വികസിപ്പിക്കേണ്ടത്? നിങ്ങളുടെ ഈ നിലപാട് ഹിന്ദുത്വ ഫാസിസത്തിന്റെ വികാസമായി കണ്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് നജ്മല്‍ ബാബുവിന്റെ മരണത്തെ പോലും ഉപയോഗപ്പെടുത്തുന്ന അതിഭീകരമായ മുസ്‌ലിംവിരുദ്ധ ഹിന്ദുത്വ വര്‍ഗീയ മാനസികാവസ്ഥയെ പ്രദാനം ചെയ്യുകയായിരുന്നു പുരോഗമന നാട്യക്കാര്‍.

നജ്മല്‍ ബാബുവിന്റെ വിയോഗത്തിൽ  തടിച്ചുകൂടിയവര്‍ക്കും അനുശോചന ഗീര്‍വാണങ്ങള്‍ നടത്തിയവര്‍ക്കും ഒരുമിച്ചു നിന്ന് നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാമായിരുന്നു. പക്ഷെ കടുത്ത ഇസ്‍ലാമോഫോബിയയുടെ വക്താക്കള്‍ക്ക് അത് നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. ഉള്ളില്‍ ഉറങ്ങികിടക്കുന്ന ഹിന്ദുത്വ അജണ്ട നടപ്പിലാക്കികൊണ്ട് അവര്‍ മതേതരത്വം പ്രകടിപ്പിച്ചു. "അസാധ്യമായതൊന്നും ഇല്ലാ എന്നും സാധ്യമാക്കാന്‍ അതിന് നല്ലൊരു മനസുണ്ടാകണമെന്നും നജ്മല്‍ ബാബു പറയുമായിരുന്നു. അസാധ്യമായ കാര്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സാധ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനങ്ങളിൽ പ്രതിഫലിച്ചിരുന്നു.

അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനു വലിയൊരു സൌഹൃദ വലയം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്. പക്ഷെ അദ്ദേഹത്തിനു അവർ  നീതി നിഷേധിച്ചു. നിരന്തരം മനുഷ്യർക്കുവേണ്ടി പൊരുതിയ നജ്മല്‍ ബാബു ഒരു തുറന്ന പുസ്തകമായിരുന്നു. ആര്‍ക്കും വായിച്ചു മനസിലാക്കാന്‍ കഴിയുന്ന ഒന്ന്. പക്ഷെ  മനോഹരമായി ആ ചിരിക്കുന്ന ആ വിപ്ലവകാരിയെ പൂർണാർത്ഥത്തിൽ വായിക്കാത്തവർ ആ  മഹത്തായ ഗ്രന്ഥം കത്തിച്ചുകളഞ്ഞു. അല്ലെങ്കിൽ കത്തിച്ചു കളയേണ്ടതാണ് എന്ന ആസൂത്രിതമായ തീരുമാനത്തോടെ അത് നിർവ്വഹിച്ചു.

നജ്മൽ ബാബു മരണത്തിനു ഒരാഴ്ച മുമ്പാണ് കൊടുങ്ങല്ലൂരിന്‌ സമീപം മുൻപ് നാഗസലുകളുടെ വിമോചിത മേഖല എന്നറിയപ്പെട്ടിരുന്ന എടമുക്കില്‍ വെച്ച് അദ്ദേഹത്തെ അവസാനമായി കാണുന്നത്. അന്തരിച്ച സഖാവ് മണിയന്റെ അനുശോചന യോഗത്തില്‍ വെച്ചായിരുന്നു അത്. അനുസ്മരണം കഴിഞ്ഞു പോകുമ്പോള്‍ ഞാനും കൂടെകൂടി. എന്നോട് പറഞ്ഞു, 'ഞാന്‍ പോകുന്നു... '

വണ്ടി വരാന്‍ അഞ്ചു മിനിറ്റ് എടുത്തു. കാറില്‍ കൈ പിടിച്ചു കയറ്റുമ്പോള്‍ കൈവീശി പറഞ്ഞു 'സമരം വികസിപ്പിക്കണം...' എന്നെ കാണുമ്പോള്‍ ഒക്കെ പറയാറുണ്ട്, 'സമരം ശക്തമാക്കണം.' എന്ന്. അതെ നീതിക്കുവേണ്ടിയുള്ള സമരം ശക്തമാക്കണം വികസിപ്പിക്കണം.

Tags:    

പി.എ കുട്ടപ്പന്‍ - പി.എ കുട്ടപ്പന്‍

contributor

മനുഷ്യാവകാശ പ്രവര്‍ത്തകന്‍

Similar News