സംഘ്പരിവാര്‍ ഭീഷണിയെ ഭയക്കില്ല; ശബരിമലയില്‍ പോകുമെന്ന് രേഷ്മ

ശബരിമല ക്ഷേത്രദര്‍ശനത്തിനായി മാലയിട്ടതിന്‍റെ പേരില്‍ ഉയര്‍ന്ന സംഘ്പരിവാര്‍ ഭീഷണിയെ ഭയക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്

Update: 2018-10-15 09:29 GMT
Advertising

ശബരിമല ക്ഷേത്രദര്‍ശനത്തിനായി മാലയിട്ടതിന്‍റെ പേരില്‍ ഉയര്‍ന്ന സംഘ്പരിവാര്‍ ഭീഷണിയെ ഭയക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്. വൃശ്ചികം ഒന്നിന് ശബരിമലയില്‍ പോകും. താനടക്കമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടു.

കണ്ണപുരം അയ്യോത്ത് സ്വദേശിനി രേഷ്മ നിഷാന്താണ് മാലയിട്ട് 41 ദിവസം വ്രതമെടുത്ത് ശബരിമലക്ക് പോകാന്‍ തീരുമാനമെടുത്തത്. ഇരുമുടിക്കെട്ട് നിറച്ച് വൃശ്ചികം ഒന്നിന് മലയ്ക്ക് പോകുന്ന വിവരം രേഷ്മ തന്നെ ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രേഷ്മക്കെതിരെ ഭീഷണിയുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തി.

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ പിറവിയും അശുദ്ധിയാണെന്ന് രേഷ്മ പറഞ്ഞു. പ്രതിഷേധങ്ങളില്‍ തളരില്ല. ശബരിമല ദര്‍ശനത്തിന് താനടക്കമുളള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷ. പൊതുസമൂഹം തനിക്കൊപ്പമുണ്ടെന്നും രേഷ്മ പറഞ്ഞു.

Full View

രേഷ്മയുടെ ഫേസ് ബുക്ക് കുറിപ്പ്

വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ, കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച്...

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.

Full View
Tags:    

Similar News