ശബരിമല നട ഇന്ന് തുറക്കും; പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി, സന്നിധാനത്ത് ഇന്ന് അവലോകന യോഗം
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധിക്ക് ശേഷം ആദ്യമായാണ് ശബരിമലനട ഇന്ന് തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് പൂജകള്‍ക്കായി നട തുറക്കുക.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീപ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ഇന്ന് അവലോകന യോഗവും നടക്കും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധിക്ക് ശേഷം ആദ്യമായാണ് ശബരിമലനട ഇന്ന് തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് പൂജകള്‍ക്കായി നട തുറക്കുക. രാവിലെ 9 മണി മുതല്‍ ഭക്തര്‍ക്ക് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിക്കാം. സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരിടത്തും ഏര്‍പ്പെടുത്തിയിട്ടില്ല.
10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ലെന്ന പമ്പയിലെ ബോര്‍ഡ് മറക്കുക മാത്രമാണ് ആകെ ചെയ്തത്. സ്ത്രീ പ്രവേശന സാധ്യത കണക്കിലെടുത്ത് വിവിധ ഭക്തജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ശബരിമല ആചാരസംരക്ഷണസമിതി നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാക്കും.
പത്തനംതിട്ട ഡി.സി.സി നിലയ്ക്കലില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായജ്ഞത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. സുധാകരന്‍ തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉപവാസസമരവും സംഘടിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് ഇന്ന് രാവിലെ 11 മണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകനയോഗം നടക്കും.
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. യുവതികളടക്കമുള്ള ഉദ്യോഗസ്ഥരോടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍പ് പമ്പയില്‍ നടത്തിക്കൊണ്ടിരുന്ന ഈ യോഗം സന്നിധാനത്ത് നടത്തുന്നത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നും ആരോപണമുണ്ട്. നിലക്കലില്‍ ഇന്നലെ വൈകിട്ട് നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പമ്പയിലും നിലയ്ക്കലിലും വനിതാ പൊലീസിനെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.