വിദേശ ധനസഹായം അടഞ്ഞ അധ്യായം; പ്രവാസികള്‍ക്ക് കേരളത്തിന്റെ കരുത്താകാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി
ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ ഒരാഴ്ചയിലെ വരുമാനം നല്‍കി പിന്തുണക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് വിദേശ രാജ്യങ്ങളുടെ ധനസഹായം ലഭിക്കുമെന്നത് അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ ധനസഹായം വിലക്കുന്ന നിയമത്തില്‍ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കേരളത്തിന്റെ കരുത്താകാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അബൂദബിയിലെ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐബിപിജി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച ധനസഹായത്തിന്റെ വഴി അടഞ്ഞു എന്ന് വ്യക്തമാക്കിയത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അദ്ദേഹം പ്രവാസികളുടെ പിന്തുണ തേടി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ ഒരാഴ്ചയിലെ വരുമാനം നല്‍കി പിന്തുണക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ക്രൗഡ് ഫണ്ടിങ് വെബ്പോര്‍ട്ടലിലൂടെ വിദേശത്തുള്ളവര്‍ക്ക് ഇഷ്ടമുള്ള പദ്ധതിക്ക് സംഭാവന ചെയ്യാന്‍ അവസരമുണ്ട്. സ്ഥാപനങ്ങള്‍ ജീവനക്കാരെ ഇതിന്റെ ഭാഗമാക്കണം. ചെറുകിട സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ പ്രവാസികള്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇയിലെ പ്രവാസി സമൂഹം മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുമെന്ന് ഐബിപിജി ഭാരവാഹി കൂടിയായ ബി.ആര്‍ ഷെട്ടി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ കേരളം നേരിട്ട നഷ്ടത്തിന്റെ വ്യാപ്തിയും പുനര്‍നിര്‍മാണ മേഖലകളും വിശദീകരിച്ചു.