രാഹുല്‍ ഈശ്വറിനെതിരെ #MeToo ആരോപണം

സൃഹൃത്തും കലാകാരിയുമായ സ്ത്രീയുടെ അനുഭവമാണ് ഫേസ്ബുക്കിലൂടെ ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത പെണ്‍ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിന് 

Update: 2018-10-29 03:26 GMT
Advertising

രാഹുല്‍ ഈശ്വറിനെതിരെ #MeToo ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സൃഹൃത്തും കലാകാരിയുമായ സ്ത്രീയുടെ അനുഭവമാണ് ഫേസ്ബുക്കിലൂടെ ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത പെണ്‍ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

2003-04 കാലഘട്ടത്തില്‍ നടന്ന സംഭവമാണ് ഇഞ്ചിപ്പെണ്ണിന്റെ സുഹൃത്ത് വെളിപ്പെടുത്തിയത്. പ്ലസ്ടു കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്. സുഹൃത്തായിരുന്ന രാഹുല്‍ അവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിച്ചിരിക്കാമെന്നും പറഞ്ഞാണ് ക്ഷണിച്ചത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍ നിന്നും പാളയത്തേക്കുള്ള വഴിയിലായിരുന്നു ഫ്ളാറ്റ്.

ഫ്ളാറ്റിലെത്തിയപ്പോഴാണ് രാഹുല്‍ ഈശ്വറിന്റെ അമ്മ അവിടെയില്ലെന്നറിഞ്ഞത്. അതോടെ അല്‍പം പേടി തോന്നി. അമ്മ ഇപ്പോള്‍ പോയതേയുള്ളൂവെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമയാണ് അപ്പോള്‍ വെച്ചത്. തുടര്‍ന്ന് ഫ്ളാറ്റ് കാണിച്ചുതരാമെന്ന് പറഞ്ഞ് കിടപ്പറയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു.

എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാതിരുന്ന ആ സമയത്ത് ഫഌറ്റില്‍ കുടുങ്ങിപോയ അവസ്ഥയിലായി. കുതറിമാറി നോ പറഞ്ഞിട്ടും അയാള്‍ ഈ പ്രവൃത്തികള്‍ തുടര്‍ന്നു. ഇതോടെ ബലമായി ഇറങ്ങിപ്പോരുകയായിരുന്നു. സമാനമായ അനുഭവങ്ങള്‍ മറ്റുപലര്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും ഈ സഹൃത്ത് പറഞ്ഞതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു.

സുഹൃത്തുമായി നടത്തിയ ചാറ്റിംങിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 'ഇതുവരെ രാഹുല്‍ ഈശ്വറിനെ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ ഇത് വളരെ ഗൗരവമുള്ള ആരോപണങ്ങളാണ്. ഇപ്പോഴയാള്‍ 'ഹിന്ദുക്കളുടെ ശബ്ദ'മായി മാറാനാണ് ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് രാഹുല്‍ ഈശ്വറിന് പിന്തുടരുന്നവരോട് പറയാനുള്ളത്. ആരോപണം ഉന്നയിച്ച എന്റെ സുഹൃത്തിനൊപ്പമാണ് ഞാന്‍ ഉറച്ചു നില്‍ക്കുന്നത്' എന്നാണ് ഇഞ്ചിപ്പെണ്ണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Rahul Easwar #Metoo This incident happened when I had passed out from 12th standard (around the year 2003 - 2004) in...

Posted by Inji Pennu on Sunday, October 28, 2018

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡിലായിരുന്ന രാഹുല്‍ ജാമ്യം നേടി പുറത്തുവന്നതിന് ശേഷം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. രക്തം ചിന്തിയും ശബരിമലയിലെ സ്ത്രീ പ്രവേശം തടയാന്‍ പ്ലാന്‍ ബി ഉണ്ടായിരുന്നെന്ന പ്രസ്താവനയെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു.

Tags:    

Similar News