മണ്‍വിള തീപ്പിടുത്തത്തില്‍ അട്ടിമറി സാധ്യത
തീപ്പിടുത്തം തുടങ്ങിയ സ്ഥലത്തെ സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ല. തീപ്പിടുത്തം കണ്ട ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറയിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് സംശയം. തീപ്പിടുത്തമുണ്ടായ പ്രദേശത്തെ സി.സി.ടി.വി ക്യാമറ അന്നേ ദിവസം വൈകിട്ട് മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നും തീപ്പിടുത്തം തുടങ്ങിയത് ഫാക്ടറയിലുടെ ഒന്നാമത്തെ നിലയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി.
പ്ലാസ്റ്റിക് ഫാക്ടറയിലുണ്ടായ തീപ്പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫയര്‍ഫോഴ്‌സ് പൊലീസ് എന്നിവരുടെ പരിശോധനയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് സ്ഥിരീകരിച്ചു. ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപ്പിടിച്ചതെന്നാണ് ഫാക്ടറി ഉടമയുടെ ആദ്യ വിശദീകരണം. ഇതും ശരിയല്ലെന്ന വിലയിരുത്തലാണ് അന്വേഷണ സംഘങ്ങള്‍ക്ക്.
തീപ്പിടുത്തം ആദ്യം കണ്ട ഫാക്ടറി ജീവനക്കാരന്‍ സജിതില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. കഴക്കൂട്ടം ക്രൈം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഫാക്ടറിയുടെ ഒന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന സൂചനയാണ് മൊഴിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഏറ്റവും നിര്‍ണാകമായത് സി.സി.ടി.വിയുടെ പരിശോധനയായിരുന്നു. തീപ്പിടിച്ച ഭാഗത്തെ സി.സി.ടി.വി അപകടമുണ്ടായ അന്ന് വൈകുന്നേരം മുതല്‍ പ്രവര്‍ത്തിച്ചില്ല.
വൈദ്യുതി ബന്ധം പോയതാകാം കാരണമെന്ന സ്ഥാപന ഉടമയുടെ വിശദീകരണം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്ഥാപനത്തിലെ വയിറിങ് ശാസ്ത്രീമായിരുന്നില്ല. അളവിലധികം അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചതുള്‍പ്പെടെ നിരവധി സാഹചര്യങ്ങളും പൊലീസില്‍ സംശയം ഉയര്‍ത്തുന്നു. ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന. ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.