ഡിസംബര്‍ ഒന്നു മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്
ജില്ലയിലെ ആശുപത്രികളില്‍ മതിയായ യോഗ്യതകളില്ലാത്തവരെ മാനേജ്മെന്റ് നഴ്സുമാരായി നിയമിക്കുന്നതായി ഐ.എന്‍.എ ആരോപിക്കുന്നു.
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റുകള്‍ക്കെതിരെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. ആദ്യ ഘട്ടമായി കാസര്‍കോട് ജില്ലയിലെ നഴ്സുമാര്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തും. ജില്ലയിലെ ആശുപത്രികളില്‍ മതിയായ യോഗ്യതകളില്ലാത്തവരെ മാനേജ്മെന്റ് നഴ്സുമാരായി നിയമിക്കുന്നതായി ഐ.എന്‍.എ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം 22 ദിവസം നടത്തിയ സമരത്തിനൊടുവില്‍ 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശന്പളം 20,000 രൂപയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധാരണയായിരുന്നു. 2017 ഓക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല ശന്പള കുടിശ്ശിക നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറായില്ലെന്ന് ഐഎന്‍എ ആരോപിക്കുന്നു.
ആശുപത്രികളില്‍ സഹായികളായി ജോലിയില്‍ കയറിയവരെ പിന്നീട് മാനേജ്മെന്റ് സ്റ്റാഫ് നഴ്സായി നിയമിക്കുകയാണെന്ന് ഐ എന്‍ എ ആരോപിച്ചു.
നഴ്സുമാര്‍ക്ക് ജോലി മൂന്ന് ഷിഫ്റ്റായി ക്രമീകരിക്കണമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ട് ഷിഫ്റ്റുകളില്‍ 6 മണിക്കൂര്‍ വീതവും മൂന്നാമത്തെ ഷിഫ്റ്റ് 12 മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ക്രമീകരിക്കേണ്ടത്. എന്നാല്‍ പല ആശുപത്രി മാനേജ്മെന്റും നഴ്സമാര്‍ക്ക് അധിക ജോലിഭാരമാണ് നല്‍കുന്നത്.