സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി യുടെ പ്രതിഷേധം

നിരവധി പൊലീസ് സ്റ്റേഷനുകള്‍ പുലര്‍ച്ചെ മുതല്‍ ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

Update: 2018-11-19 08:14 GMT
Advertising

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തി. നിരവധി പൊലീസ് സ്റ്റേഷനുകള്‍ പുലര്‍ച്ചെ മുതല്‍ ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സന്നിധാനത്തെ സംഭവങ്ങളെ കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

Full View

സന്നിധാനത്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടങ്ങി . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിരുവനന്തപുരത്ത് ആര്യനാട് , നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പിലും പ്രതിഷേധമുണ്ടായി. കരുനാഗപ്പള്ളിയില്‍ കെ.എസ്.ആര്‍.ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആറൻമുളയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്‍മുളയിലെ വീടും ഉപരോധിച്ചു. ആലപ്പുഴ മാന്നാറിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. കോട്ടയത്ത് പാല , പള്ളിക്കത്തോട് , പൊൻകുന്നം എന്നിവിടങ്ങളിൽ ബിജെപി പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചും നടത്തി . തൊടുപുഴ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായിഎറണാകുളത്ത് തൃപ്പൂണിത്തുറ, കാലടി, പെരുമ്പാവൂര്‍,പറവൂര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും പ്രതിഷേധം നടത്തി . കോഴിക്കോട് ടൌണ്‍ ബാലുശ്ശേരി നാദാപുരം സ്റ്റേഷനുകളില്‍ ഉപരോധം നടത്തി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.താമരശ്ശേരിയില്‍ ധർണ്ണ നടത്തി തിരിച്ചുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ 2 കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ല് എറിഞ്ഞു തകർത്തു. ഡ്രൈവർമാർക്ക് പരിക്കേറ്റു.

Tags:    

Similar News