സന്നിധാനത്ത് പ്രതിഷേധക്കാര്‍ എത്തിയത് ബി.ജെ.പിയുടെ സംഘടനാ തീരുമാനമനുസരിച്ച്: തെളിവായി ബി.ജെ.പിയുടെ സര്‍ക്കുലര്‍

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട മണ്ഡലം കമ്മിറ്റികളുടെ പട്ടികയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലറിലുള്ളത്.

Update: 2018-11-19 08:13 GMT
Advertising

ശബരിമലയിലേക്ക് സംസ്ഥാന ജില്ലാ ഭാരവാഹികളേയും മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരേയും കൃത്യമായി തീരുമാനിച്ച് അയക്കുന്നതിനായി ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലര്‍ പുറത്ത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഒപ്പു വെച്ച സര്‍ക്കുലറാണ് കീഴ്ഘടകങ്ങള്‍ക്ക് അയച്ചിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കാന്‍ ചുമതല നിശ്ചയിച്ചാണ് സര്‍ക്കുലറെന്ന് സി.പി.എം കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട മണ്ഡലം കമ്മിറ്റികളുടെ പട്ടികയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലറിലുള്ളത്. ഇതോടൊപ്പം ചുമതലയുള്ള ജില്ലാ ഭാരവാഹിയുടെ പേരും ഫോണ്‍ നമ്പറും. അതിനു ശേഷം ഓരോ ദിവസവും ചുമതലയുള്ള സംസ്ഥാന ഭാരവാഹികളുടെ പേരുകളും ഫോണ്‍ നമ്പറുകളും എട്ടു പേജുള്ള സര്‍ക്കുലറില്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. ചുമതലയുള്ളവര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും തീരുമാനിക്കണമെന്നാണ് നിര്‍ദേശം.

Full View

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കുമെന്നും സര്‍ക്കുലറിലുണ്ട്. ശബരിമല സന്നിധാനത്ത് എത്തി പ്രതിഷേധിക്കുന്നവരില്‍ വലിയൊരു ഭാഗം ബി.ജെ.പിയുടെ സംഘടനാ തീരുമാനമനുസരിച്ച് എത്തുന്നവരാണെന്ന് സൂചിപ്പിക്കുന്ന ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സംഘടനാ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഘര്‍ഷമുണ്ടാക്കാന്‍ ചുമതല നിശ്ചയിച്ച് സര്‍ക്കുലര്‍ അയക്കുകയാണ് ബി.ജെ.പിചെയ്തിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം കയ്യടക്കിയതു പോലെ ശബരിമല പിടിച്ചെടുക്കാനാണ് ആര്‍ എസ് എസ് പദ്ധതിയിട്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags:    

Similar News