'കേസെടുക്കാനാകില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു
മൊഴി നൽകിയവരുടെയും കുറ്റാരോപിതരുടെയും പേരുവിവരങ്ങൾ ഒഴിവാക്കിയ പേജുകളുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്കും നൽകിയിരുന്നത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ മുൻ പൊലീസ് മേധാവിയുടെ നിലപാടും പുറത്തുവരുന്നു. റിപ്പോർട്ടിൽ കേസെടുക്കാനാകില്ലെന്ന് 2019ൽ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണു വെളിപ്പെടുത്തൽ.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ബെഹ്‌റയ്ക്കു കൈമാറിയിരുന്നു. ലൈംഗികാതിക്രമങ്ങളിൽ വ്യക്തതയില്ലെന്നായിരുന്നു പൊലീസ് ചൂണ്ടിക്കാട്ടിയത്. മൊഴി നൽകിയവരുടെ പേരുവിവരങ്ങൾ പോലുമില്ലാത്തത് വെല്ലുവിളിയാണ്. ഇതോടൊപ്പം കേസെടുക്കണമെന്ന് കമ്മിറ്റി ശിപാർശ നൽകുന്നില്ല. സ്വകാര്യത ഹനിക്കപ്പെടില്ലെന്ന ഉറപ്പ് സാക്ഷികൾക്ക് നൽകിയതും തടസമാണെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചിരുന്നു. മൊഴി നൽകിയവരുടെയും കുറ്റാരോപിതരുടെയും പേരുവിവരങ്ങൾ ഒഴിവാക്കിയ പേജുകളുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്കും നൽകിയിരുന്നതെന്നാണു വ്യക്തമാകുന്നത്.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സർക്കാർ ഗുരുതരമായ നിയമപ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ സർക്കാരിന് ഇടപെടേണ്ടി വരും. പോക്സോയടക്കമുള്ള ആരോപണങ്ങളിൽ എഫ്.ഐ.ആര്‍ ഒഴിവാക്കാനുമാകില്ല. ക്രിമിനൽ കുറ്റം ബോധ്യപ്പെട്ടാൽ കേസെടുക്കണമെന്ന് സുപ്രിംകോടതി വിധികളുമുണ്ട്. സാക്ഷികളുടെ സ്വകാര്യത ഹനിക്കപ്പെടില്ലെന്ന കമ്മിറ്റിയുടെ ഉറപ്പ് നിലനിൽക്കുന്നതിനാൽ കേസെടുക്കുന്നതിൽ സാങ്കേതിക തടസവും നിലനിൽക്കുന്നുണ്ട്.
Summary: 'Cannot be sued in Hema committee report findings'; In 2019, the then Kerala DGP Lokanath Behera informed the state government