വട്ടിയൂർകാവിൽ കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന് എല്‍.ഡി.എഫ്; ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബി.ജെ.പി
വട്ടിയൂർകാവിൽ കോൺഗ്രസ് - ബി.ജെ.പി ധാരണയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്
വട്ടിയൂർകാവിൽ കോൺഗ്രസ് - ബി.ജെ.പി ധാരണയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. നേമം മോഡലിൽ തിരുവനന്തപുരത്തും വട്ടിയൂർകാവിലും ബിജെപി- കോൺഗ്രസ് ധാരണയുണ്ടെന്ന് പ്രശാന്ത് ആരോപിച്ചു..
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന്‍റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണ്. ഒരു ജീവനില്ലാത്ത പ്രവര്‍ത്തനമാണ് ഇവിടെ കോണ്‍ഗ്രസ് നടത്തുന്നത്. വട്ടിയൂര്‍കാവും തിരുവനന്തപുരവും വെച്ച് ഒരു അഡ്ജസ്റ്റ്മെന്റാണ് ഇരുവരും നടത്തുന്നത്. നേരത്തെ നേമത്ത് നടന്നപോലെ ഒരു ഒത്തുതീര്‍പ്പിന്‍റെ ശ്രമം നടക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. എന്തു തന്നെ ആയാലും ഇവിടെ എല്‍.ഡി.എഫിന് രണ്ട് പാര്‍ട്ടികളെ ഒരുമിച്ച് പരാജയപ്പെടുത്താനാകും എന്ന ആത്മവിശ്വാസമുണ്ട്. അവര്‍ എങ്ങനെയെല്ലാം പരിശ്രമിച്ചാലും അതിനെയെല്ലാം തരണം ചെയ്ത് എല്‍ഡിഎഫ് 25000ത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വി കെ പ്രശാന്ത് പറഞ്ഞു.
ബിജെപിക്ക് കിട്ടുന്ന വോട്ട് ശബരിമല വിഷയത്തിനുള്ളതെന്നും വോട്ട് ആര് ചെയ്താലും സ്വീകരിക്കുമെന്നും എന്‍ഡിഎ സ്ഥാനാർഥി വി വി രാജേഷ് പ്രതികരിച്ചു. എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ നിന്നും എവിടെ നിന്നും ആര് വോട്ട് ചെയ്താലും ഞങ്ങള് സ്വീകരിക്കും. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുള്ള നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകരുണ്ട്. അവരുടെ വോട്ട് ബി.ജെ.പിക്കായിരിക്കുമെന്നും വി. വി രാജേഷ് പറഞ്ഞു.