ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ശാഖയ്ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്‍റെ നടപടി.
ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനത്തിന് വിലക്കേര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. 1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആർ.എസ്.എസിന്‍റെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്‍റെ നടപടി.
ക്ഷേത്രത്തിന്‍റെ അങ്കണങ്ങളിൽ ആർ.എസ്.എസ് ശാഖകളുടെ മാസ് ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കും.