കെഎസ്‌യു ക്യാമ്പസ് ജാഗരൺ യാത്രയിൽ പങ്കെടുത്തില്ല; കൊല്ലത്ത് 28 ഭാരവാഹികൾക്ക് സസ്പെൻഷൻ
ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു


കൊല്ലം: ലഹരി വിരുദ്ധ ക്യാമ്പയിനായ ക്യാമ്പസ് ജാഗരൺ യാത്രയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കൊല്ലം ജില്ലയിലും കൂട്ടനടപടി. 28 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നയിച്ച യാത്ര മാർച്ച് 19നായിരുന്നു കൊല്ലത്ത് എത്തിയത്.
ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ 30 വീതം പേരെയും കണ്ണൂരിൽ 17 പേരെയും വയനാട്ടിൽ 45 പേരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാത്ത 40 കെഎസ്‌യു ജില്ലാ ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു.
പരിപാടിയില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പരിപാടിയെ നിസാരവത്കരിച്ചാണ് ചിലര്‍ പങ്കെടുക്കാതിരുന്നത്. ചിലര്‍ ആരോഗ്യപ്രശ്നവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ‘ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ‘ക്യാമ്പസ് ജാഗരൻ യാത്ര’ സംഘടിപ്പിച്ചത്. മാർച്ച് 11ന് കാസർകോട്ടുനിന്നായിരുന്നു യാത്രയുടെ തുടക്കം.