റേഷൻ വാങ്ങാതിരുന്നാൽ പണി കിട്ടും; 60,000ത്തോളം പേര്‍ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്ത്

ഓണക്കാലത്ത് സർക്കാരിൻ്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളെയും മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കും

Update: 2024-12-03 03:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേർ പുറത്ത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്. ഇവരെ വെള്ള കാർഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സർക്കാരിൻ്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളെയും മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കും.

മഞ്ഞ - പിങ്ക് റേഷൻ കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിങ് നടത്തണമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനം. മസ്റ്ററിങ്ങിനുവേണ്ടി പല ഘട്ടങ്ങളിലായി സർക്കാർ സമയം നീട്ടി നൽകിയിട്ടുമുണ്ട്. അർഹമായ റേഷൻ വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ്ങ്. ഇതിനിടയിൽ മൂന്ന് മാസമായി റേഷൻ വാങ്ങാതിരുന്ന മഞ്ഞ - പിങ്ക് കാർഡ് ഉടമകളിൽ അറുപതിനായിരത്തോളം കുടുംബങ്ങളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. എല്ലാ ജില്ലകളിലുമായി 58,870 കാർഡ് ഉടമകൾ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായി. ഇവരെ വെള്ള കാർഡിലേക്ക് മാറ്റും. പുറത്തായവർക്ക് പകരം അർഹതയുള്ളവരെ കണ്ടെത്തി മുൻഗണന വിഭാഗത്തിലേക്ക് കൊണ്ടുവരും. റേഷൻ വാങ്ങാതിരുന്ന നാലായിരത്തിലധികം നീല റേഷൻ കാർഡ് ഉടമകളെയും വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

മുൻഗണന വിഭാഗത്തിൽ ഓണക്കിറ്റ് വാങ്ങാത്തവരെയും ഒഴിവാക്കും. മരിച്ചവരും അനർഹരുമാണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തൽ. ഇവരെയും മുൻഗണനേതര കാർഡിലേക്ക് മാറ്റും. കഴിഞ്ഞവർഷം ഓണക്കിറ്റ് വാങ്ങിയ മുൻഗണന വിഭാഗക്കാരിൽ ഈ വർഷം 800ലധികം പേർ കിറ്റ് വാങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തൽ. മുൻഗണന വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ഈ മാസം പത്തിനകം അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസർമാർ പരിശോധിച്ച് അർഹരായവരെ മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News