സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകർ; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് സ്ഥിരീകരണം. വഞ്ചിയൂരിൽ സംഘർഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ കാരണമായത്. എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരിൽ സംഘർഷം ഉണ്ടായതിനു ശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്.
വഞ്ചിയൂർ വാർഡ് കൗൺസിലറെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഓഫീസ് ആക്രമണക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് എത്തിയത്.
എന്നാൽ സംഘടിച്ചെത്തിയ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ പൊലീസിനെ തടഞ്ഞു. നിരപരാധികളെ പ്രതിയാക്കാനുള്ള ശ്രമമെന്നായിരുന്നു ആരോപണം..എന്നാൽ ആശുപത്രിയിൽ നിന്നും പ്രതികൾ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായകമായി. ചികിത്സിക്കുന്ന ഡോക്ടറുടെ അനുമതിയോടെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി.