പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി കൊല്ലത്ത് പിടിയിൽ
ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി കൊല്ലത്ത് പിടിയിൽ. ഏറെ ജനശ്രദ്ധയാകർഷിച്ച കേസിൽ മലയാളിയാണ് പ്രതി. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. എന്നാൽ കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും ബോധരഹിതയായപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.
ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ബിഹാർ സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്. നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ കുട്ടിയെങ്ങനെ ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ എത്തി എന്നതിന് പോലും ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ വേറെയും ദൃശ്യങ്ങൾ ലഭിച്ചതാണ് നിർണായകമായതെന്ന് വിവരമുണ്ട്.
കണ്ടെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസകാരിയെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ സുരക്ഷ പരിഗണിച്ചായിരുന്നു മാറ്റം. സഹോദരങ്ങളും കുട്ടിയോടൊപ്പം ശിശുക്ഷേമ സമിതിയിലുണ്ട്. എന്നാൽ കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.