കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിൽ

ജയിൽ അധികൃതർക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം പ്രതിയെ വലയിലാക്കിയത്

Update: 2024-02-23 16:21 GMT
Advertising

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിൽ. കൊയ്യോട് സ്വദേശി ഹർഷാദിനെ തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കടത്ത് കേസിൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഹർഷാദ് ജനുവരി 14നാണ് കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയത്. ജയിലിലെ വെൽഫെയർ ഓഫീസിലെ ഡ്യൂട്ടിക്കിടെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. ജയിൽ ചാടാൻ ഹർഷാദിനെ സഹായിച്ച റിസ്‌വാൻ നേരത്തെ അറസ്റ്റിലായിരുന്നു. ജയിൽ ചാടിയതിനു ശേഷം ഡൽഹിയിലും പിന്നീട് നേപ്പാൾ അതിർത്തിയിലേക്കും പോയ ഹർഷാദ് തുടർന്ന് തമിഴ്‌നാട് മധുരയിലെ ശിവഗംഗയിൽ സുഹൃത്ത് അപ്‌സരയുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു. ലഹരി കേസിൽ പങ്കാളിത്തമുള്ള അപ്‌സരയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം പ്രതിയെ വലയിലാക്കിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News