നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സീറ്റുകളിൽ നടപടി: പി.എം.എ സലാം
സൗത്തിൽ നിയോജക മണ്ഡലം കമ്മിറ്റിക്ക് തന്നെ വീഴ്ചയുണ്ടായെന്നും അഴീക്കോട്, താനൂർ മണ്ഡലങ്ങളിലും പാളിച്ച പറ്റിയുമെന്നുമാണ് വിലയിരുത്തൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സീറ്റുകളിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും ഗുരുതര പരാജയമുണ്ടായിടത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ചില മണ്ഡലങ്ങളിൽ ഗുരുതര വീഴ്ചയുണ്ടയെന്നും എന്നാൽ മറ്റിടങ്ങളിൽ സാധാരണ സംഭവിക്കാറുള്ള പോരായ്മകളേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സൗത്തിൽ നിയോജക മണ്ഡലം കമ്മിറ്റിക്ക് തന്നെ വീഴ്ചയുണ്ടായെന്നും അഴീക്കോട്, താനൂർ മണ്ഡലങ്ങളിലും പാളിച്ച പറ്റിയുമെന്നുമാണ് വിലയിരുത്തൽ. ഈ ആഴ്ച നടക്കുന്ന പ്രവർത്തക സമിതിയിൽ കൂടി ചർച്ച നടത്തി നടപടികൾ തീരുമാനിക്കും.
എന്നാൽ ജില്ലാ - മണ്ഡലം കമ്മിറ്റികളെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാർഥികളെ തീരുമാനിച്ച സംസ്ഥാന നേതൃത്വം തന്നെ തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന നിലപാടിലാണ് കമ്മിറ്റികൾ. തങ്ങളെ ബലിയാടാക്കാൻ നീക്കം നടക്കുന്നുവെന്നും അവർ പറഞ്ഞു. മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം ഇന്നലെ ചേർന്നിരുന്നു.
അഴിക്കോട് -കെ.എം. ഷാജി, താനൂർ -പികെ ഫിറോസ്, തിരുവമ്പാടി -സിപി ചെറിയ മുഹമ്മദ്, ഗുരുവായൂർ -കെ.എൻ.എ ഖാദർ, കളമശേരി -അഡ്വ. വിഇ അബ്ദുൽ ഗഫൂർ, കോങ്ങാട് -യു.സി രാമൻ, കോഴിക്കോട് സൗത്ത് -അഡ്വ. നൂർബിന റഷീദ്, കൂത്തുപറമ്പ -പൊട്ടങ്കണ്ടി അബ്ദുല്ല, കുറ്റ്യാടി -പാറക്കൽ അബ്ദുല്ല, പുനലൂർ -അബ്ദുറഹ്‌മാൻ രണ്ടത്താണി തുടങ്ങിയവരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലീഗ് സ്ഥാനാർഥികൾ.