കാട്ടാനയ്ക്ക് പിന്നാലെ ചാലിഗദ്ദയിൽ കടുവയും; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
കാട്ടാനയുടെ ആക്രമണത്തിൽ പനച്ചിയിൽ അജി കൊല്ലപ്പെട്ട പ്രദേശത്തിനടുത്താണ് നാട്ടുകാർ കടുവയെ കണ്ടത്
മാനന്തവാടി: കാട്ടാനയ്ക്ക് പിന്നാലെ മാനന്തവാടി ചാലിഗദ്ദയിൽ കടുവയും. പടമലയിൽ രാവിലെ കടുവ എത്തിയതായി നാട്ടുകാർ.കാട്ടാനയുടെ ആക്രമണത്തിൽ പനച്ചിയിൽ അജി കൊല്ലപ്പെട്ട പ്രദേശത്തിനടുത്താണ് നാട്ടുകാർ കടുവയെ കണ്ടത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി
അതെ സമയം മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു. ഇവർ നൽകുന്ന റേഡിയോ കോളർ വിവരങ്ങൾ വിലയിരുത്തി മയക്കുവെടി വെക്കാനുള്ള ആർ.ആർ.ടി വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും.
ആന മണ്ണുണ്ടി വനമേഖലയിൽ നിന്ന് ബാവലി ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ഇന്നലെ രണ്ടു തവണ മയക്കുവെടി വെക്കാൻ ദൗത്യസംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല.