യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംഘടന പിടിക്കാൻ ഗ്രൂപ്പ് തിരിഞ്ഞ് യോഗം
എ ഗ്രൂപ്പ് യോഗം ചേർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിനെ നിശ്ചയിച്ചു.
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംഘടന പിടിക്കാൻ രംഗത്തിറങ്ങി ഗ്രൂപ്പുകൾ. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കുടുംബ സംഗമ വേദിക്ക് സമീപം എ ഗ്രൂപ്പ് യോഗം ചേർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിനെ നിശ്ചയിച്ചു.
ഷാഫി പറമ്പിലിന്റ ശക്തമായ ആവശ്യം എ ഗ്രൂപ്പ് അംഗീകരിച്ചു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു രാമനിലയത്തിൽ ഐ ഗ്രൂപ്പ് യോഗം. ഐ ഗ്രൂപ്പ് സ്ഥാനാർഥിയായി അബ്ദുൽ റഷീദ് വി.പിയെയും തീരുമാനിച്ചു.
കണ്ണൂരിൽ നിന്നുള്ള കെ.എസ്.യു മുൻ സംസ്ഥാന ഉപാധ്യക്ഷനായ റഷീദ് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയും റഷീദിനുണ്ട്.
ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്റെ പിന്തുണയാണ് റഷീദിന് തുണയായത്. കെ.സി വേണുഗോപാലിൻ്റെ നോമിനിയായി ആലപ്പുഴയിൽ നിന്നുള്ള ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകാനാണ് സാധ്യത. ഗ്രൂപ്പ് പോര് രൂക്ഷമായാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് ശക്തമായ വടംവലിക്കാണ് സാധ്യത.