എ.ഐ കാമറ പിഴ ഈടാക്കൽ സമയപരിധി നീട്ടി; കുട്ടികളുടെ യാത്രയിൽ നിയമോപദേശം തേടും
ഗതാഗത മന്ത്രിയുടെ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: എ. ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പിഴ ഈടാക്കുന്നതിന്റെ സമയ പരിധി നീട്ടി. ജൂൺ 5 മുതൽ മതിയെന്ന് ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നൽകുന്നതിൽ നിയമോപദേശം തേടാനും തീരുമാനിച്ചു.
എ ഐ ക്യാമറാ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു മുൻ തീരുമാനം. അതിന് മുൻപ് ഒരു മാസം ബോധവൽകരണമെന്ന രീതിയിൽ മുന്നറിയിപ്പ് നോട്ടീസ് നൽകുമെന്നും ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് മുന്നറിയിപ്പ് നോട്ടീസ് അയക്കുന്നത് വൈകി അഞ്ചാം തീയതി മുതലാണ് ബോധവൽക്കരണം തുടങ്ങിയത്. അത് ഒരു മാസം നൽകാൻ വേണ്ടിയാണ് പിഴ ഈടാക്കുന്നത് അഞ്ചിലേക്ക് മാറ്റാൻ കാരണം.
ഈ സമയ പരിധിയിൽ കൺട്രോൾ റൂമുകളിലേക്കുള്ള മുഴുവൻ ജീവനക്കാരെയും വിന്യസിക്കുമെന്ന് കെൽട്രോൺ യോഗത്തിൽ അറിയിച്ചു. അതേ സമയം മാതാപിതാക്കൾക്കൊപ്പമുള്ള കുട്ടികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നതിൽ വ്യക്തതയായില്ല. പിഴ ഈടാക്കേണ്ടന്നാണ് സർക്കാർ തീരുമാനം. പക്ഷെ അത് നിയമ വിരുദ്ധമായതിനാൽ ഔദ്യോഗികമായി പ്രഖ്യാപിക്കാനാവില്ല. പകരം നിയമ ലംഘനം കണ്ടാലും പിഴ നോട്ടീസ് അയക്കെണ്ടന്ന് അനൗദ്യോഗിക നിർദേശം നൽകും. അതിനൊപ്പം നിയമോപദേശം തേടാനും തീരുമാനിച്ചു.