എ.ഐ കാമറ അഴിമതി ആരോപണം: വ്യവസായവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വൈകും
കാമറ ഇടപാട് സംബന്ധിച്ച് ദുരൂഹത ഉയർന്ന സമയത്താണ് സർക്കാർ വ്യവസായ വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചത്
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ അഴിമതിയാരോപണങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമെടുത്തേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ഇനി കിട്ടാനുണ്ട്. ഇതിനായി വകുപ്പുകള്‍ക്ക് വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി. കെല്‍ട്രോണില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ധന,ഗതാഗത, ഐ.ടി വകുപ്പുകളിൽ നിന്നുള്ള വിവരമാണ് ഇനി ലഭ്യമാക്കാനുണ്ട്. ഇത് എല്ലാം കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക എന്നാണ് വ്യവസായ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഉപകരാർ നൽകിയതിലടക്കം സുതാര്യത കുറവ് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായിട്ടും സർക്കാർ പരിശോധിക്കുന്നത്.
ഇടപാട് സംബന്ധിച്ച് ദുരൂഹത ഉയർന്ന സമയത്താണ് സർക്കാർ വ്യവസായ വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് കാമറ ഇടപാട് സംബന്ധിച്ച ദുരൂഹതകൾ പരിശോധിക്കുന്നത്. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ആദ്യം കരുതിയെങ്കിലും ഇപ്പോൾ കുറച്ചുകൂടി സമയം എടുക്കും എന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്.