ആപ്പിൾ എയർപോഡ് മോഷ്‌ടിച്ചത് സിപിഎം കൗൺസിലറെന്ന് പരാതിക്കാരൻ
30000 വില വരുന്ന ആപ്പിളിന്റെ എയർപോർഡ് സിപിഎം കൗൺസിലറായ ബിനു പുളിക്കണ്ടം മോഷ്ടിച്ചതായാണ് ആരോപണം.
കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് വിവാദത്തിൽ വഴിത്തിരിവ്. സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് മോഷ്ടിച്ചതെന്ന് പരാതിക്കാരനായ കേരള കോൺഗ്രസ് അംഗം ജോസ് ചീരാൻകുഴി ആരോപിച്ചു.
ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിനിടയിലാണ് ജോസ്, ബിനുവിന്റെ പേര് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി. തുടർന്ന് വൈസ് ചെയർപേഴ്സൺ ലീന സണ്ണി ഇടപെട്ട് കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു. 30000 വില വരുന്ന ആപ്പിളിന്റെ എയർപോർഡ് ഇപ്പോൾ യുകെയിലെ മാഞ്ചസ്റ്റർ ആണ് ലൊക്കേഷൻ കാണിക്കുന്നതെന്നും ബിനു പുളിക്കണ്ടം ഇത് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ജോസ് ചീരാൻകുഴി പറഞ്ഞു.
അതേസമയം, തനിക്കെതിരെ ഉന്നത തരത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇതിന് പിന്നിൽ ജോസ് കെ മാണിയാണെന്നും ബിനു തുറന്നടിച്ചു. ഇതോടെ, ഇടതുമുന്നണിയിലെ രണ്ട് കക്ഷികൾ തമ്മിലുള്ള പ്രശ്നമായി എയർപോഡ് മോഷണ വിവാദം മാറി. നേരത്തെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആയ ബിനുവിനെ ചെയർമാനാക്കുന്നത് കേരള കോൺഗ്രസ് ഇടപെട്ട് തടഞ്ഞിരുന്നു.
പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയര്‍മാന് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്.