ചെറിയാന്‍ ഫിലിപ്പ് അടുത്ത സുഹൃത്ത്, മടങ്ങിവരുന്നത് അദ്ദേഹത്തിന്‍റെ കുടുംബത്തിലേക്ക്- എ.കെ ആന്‍റണി
'' 20 വർഷം സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിച്ചിട്ടും ഒരിക്കൽ പോലും സിപിഎമ്മിൽ ചേരാൻ അദ്ദേഹത്തിന് തോന്നിയില്ല ''- ആന്റണി പറഞ്ഞു
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് പ്രവേശനം പ്രഖ്യാപിക്കും മുമ്പ് ആന്റണിയുടെ വസതിയിലെത്തി ചെറിയാൻ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു ആന്റണിയുടെ പ്രതികരണം. ചെറിയാൻ ഫിലിപ്പ് അടുത്ത സുഹൃത്തെന്നും മടങ്ങിവരവിൽ സന്തോഷമെന്ന് ആന്റണി പറഞ്ഞു.
'' 20 വർഷം സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിച്ചിട്ടും ഒരിക്കൽ പോലും സിപിഎമ്മിൽ ചേരാൻ അദ്ദേഹത്തിന് തോന്നിയില്ല ''- ആന്റണി പറഞ്ഞു. ചെറിയാൻ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോൺഗ്രസിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അല്‍പ്പസമയത്തിനകം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കും. ചെറിയാൻ ഫിലിപ്പിൻറെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമാകുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമർശനവും ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിനു പിന്നാലെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നതായി ഉറപ്പാക്കപ്പെട്ടത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും യുവനേതാക്കൾക്കും വിജയസാധ്യതയില്ലാത്ത സീറ്റ് നൽകിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹം കോൺഗ്രസിൽ നിന്നും പടിയിറങ്ങിയത്. പുനസ്സംഘടനയെ ചൊല്ലി കലഹിച്ച് കെ.പി അനിൽകുമാർ അടക്കമുള്ളവർ സി.പി.എം പാളയത്തിലേക്ക് ചേക്കേറിയപ്പോൾ ചെറിയാൻ ഫിലിപ്പിനെ തിരികെ എത്തിക്കാനായത് കോൺഗ്രസിന് നേട്ടമായി.