കളർകോട് വാഹനാപകടം: കാർ നൽകിയത് വാടകക്കല്ലെന്ന് ഉടമ ഷാമിൽ ഖാൻ
അപകടത്തിൽ മരിച്ച മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിലാണ് വാഹനം നൽകിയതെന്ന് ഉടമ ഷാമിൽ ഖാൻ പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട വാഹനം യുവാക്കൾക്ക് നൽകിയത് വാടകക്കല്ലെന്ന് ഉടമ ഷാമിൽ ഖാൻ. മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയത്. മെഡിക്കൽ കോളജ് പരിസരത്തുവെച്ചാണ് ജബ്ബാറിനെ പരിചയപ്പെട്ടത്. പണം വാങ്ങിയിട്ടില്ലെന്നും ഷാമിൽ ഖാൻ മീഡിയവണിനോട് പറഞ്ഞു.
അപകടത്തിൽപ്പെട്ട ടവേര വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. തനിക്കും അഞ്ച് സുഹൃത്തുക്കൾക്കും സിനിമക്ക് പോകണമെന്നും മഴയായതുകൊണ്ട് കാർ തരുമോ എന്നും ചോദിച്ചാണ് ജബ്ബാർ തന്നെ സമീപിച്ചത്. വിദ്യാർഥിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് വാഹനം നൽകിയതെന്നും ഷാമിൽ പറഞ്ഞു.
കളർകോട് കാർ കെഎസ്ആർടിസി ബസിലിടിച്ച് എംബിബിഎസ് വിദ്യാർഥികളായ അഞ്ചുപേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറിന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാർ 14 വർഷം പഴക്കമുള്ളതാണെന്നും കാറിന് എയർ ബാഗ് ഇല്ലായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.