ഒന്നിച്ച് നടന്ന കാമ്പസില്‍ ചേതനയറ്റ് ആ അഞ്ച് കൂട്ടുകാര്‍; അവസാന യാത്രയും ഒരുമിച്ച്
ചേതനയറ്റ പ്രിയ കൂട്ടുകാരെ കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടുകയാണ്
ആലപ്പുഴ: ഒരുമിച്ച് പഠിച്ച്.. കളിച്ചു ചിരിച്ച് നടന്ന കാമ്പസില്‍ അവര്‍ അവസാനമായി എത്തിയിരിക്കുകയാണ്. ഇനി ഈ കാമ്പസിന്‍റെ ക്ലാസ് മുറിയിലും ഇടനാഴികളിലും അവരുണ്ടാകില്ല. നെഞ്ച് പൊട്ടുന്ന വേദനയിലാണ് ഉറ്റവര്‍. ചേതനയറ്റ പ്രിയ കൂട്ടുകാരെ കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടുകയാണ്.
കണ്ണീര്‍ക്കടലായി മാറിയിരിക്കുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ്. ഇന്നലെ ഈ സമയം വരെ ആ അഞ്ചുപേരും കോളജിലുണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി ഇവിടെ എത്തിയവര്‍. വെറും ഒന്നരമാസമേ ആയിട്ടുള്ളൂ ഇവര്‍ കോളജിലെത്തിയിട്ട്..പക്ഷെ വിടരും മുന്‍പെ കൊഴിഞ്ഞുപോകാനായിരുന്നു വിധി. ..
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഗവർണറും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനകം സ്വദേശത്തേക്ക് കൊണ്ടുപോകും.
ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ, കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ , ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ഇന്നലെ രാത്രി 9.45 ഓടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കനത്ത മഴയിൽ കാറിന്‍റെ യന്ത്രണം നഷ്ടപ്പെട്ടാണ് അപകടം വണ്ടാനത്ത് നിന്ന് സിനിമക്ക് പോവുകയായിരുന്നു .ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.